pala

പാലാ ഡിപ്പോയിൽ നിന്നും 6 ബസുകൾ സ്പെഷ്യൽ സർവ്വീസിലേയ്ക്ക്; നിരവധി സർവ്വീസുകൾ മുടങ്ങും, പകരം ക്രമീകരണം ഏർപ്പെടുത്തണം: ജയ്സൺ മാന്തോട്ടം

പാലാ: പകരം ക്രമീകരണമില്ലാതെ പാലാ ഡിപ്പോയിലെ സ്ഥിരം ഷെഡ്യൂളിൽ ഉൾപ്പെട്ട ആറു ബസുകൾ സ്പെഷ്യൽ സർവ്വീസിലേയ്ക്ക് ജീവനക്കാരെ സഹിതം നൽകുന്നതിനുള്ള ഉത്തരവ് പാലായിൽ നിന്നുള്ള സ്ഥിരം സർവ്വീസുകൾ മുടങ്ങുന്നതിന് ഇടയാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ശബരിമല തീർത്ഥാടനത്തോട് അനുബന്ധിച്ചാണ് പാലാ ഡിപ്പോയിൽ നിന്നുള്ള ബസുകളും സ്പെഷ്യൽ സർവീസ് പൂളിലേയ്ക്ക് മാറ്റുന്നത്‌. ഇത് ചെയിൻ, ദ്വീർഘദൂര സർവ്വീസുകൾ നിലയ്ക്കുന്നതിന് കാരണമാകും.
മുൻ കാലങ്ങളിൽ ബസുകൾ സ്പെഷ്യൽ സർവ്വീസിന് നൽകുമ്പോൾ സർവ്വീസ് മുടങ്ങുന്ന റൂട്ടിൽ പകരം ഓർഡിനറി ലിമിറ്റഡ് സ്റ്റോപ്പ് സർവ്വീസുകൾ അയച്ച് സർവ്വീസ് മുടക്കം പരിഹരിച്ചിരുന്നു.

ജീവനക്കാരുടെ കുറവ് ചൂണ്ടിക്കാട്ടി പാലായിൽ നിന്നുള്ള കുമളി, തിരുവനന്തപുരം, കോഴിക്കോട് ഉൾപ്പെടെയുള്ള സർവീസുകൾ മുടക്കിയിരിക്കുകയാണ്‌. ഡിപ്പോയിൽ പത്ത് വീതം ഡ്രൈവർ, കണ്ടക്ടർ ഒഴിവുകൾ ഉണ്ടെന്നാണ് ഔദ്യോഗിക വിശദീകരണം.

കെ.എസ്.ആർ.ടി.സിയെ ആശ്രയിക്കുന്ന സ്ഥിരം യാത്രക്കാരെ ബന്ദിയാക്കുന്ന തീരുമാനമാണ് കോർപ്പറേഷൻ സ്വീകരിച്ചിരിക്കുന്നതെന്നും സ്പഷ്യൽ സർവ്വീസിന് ബസുകൾ നൽകുമ്പോൾ സർവീസ് മുടക്കം ഒഴിവാക്കുവാൻ പകരം ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി സർവ്വീസ് ക്രമീകരിക്കണമെന്നും ജോലിക്ക് സന്നദ്ധരായ എം പാനൽ ജീവനക്കാരെ സർവ്വീസിൽ പ്രവേശിപ്പിച്ച് ഷെഡ്യൂൾ മുടക്കം ഒഴിവാക്കണമെന്നും പാസഞ്ചേഴ്സ് അസോസിയേഷൻ ചെയർമാൻ ജയ്സൺമാന്തോട്ടം അവശ്യപ്പെട്ടു.

കണ്ടീഷനുള്ള നാല് ഫാസ്റ്റ് പാസഞ്ചർ സർവീസുകളും രണ്ട് സൂപ്പർ ഫാസ്റ്റ് സർവ്വീസുകളും സ്പെഷ്യൽ സർവ്വീസിലേയ്ക്ക് ആദ്യഘട്ടത്തിൽ നൽകണമെന്നാണ് കോർപ്പറേഷൻ്റ ഉത്തരവ്. ബജറ്റ് ടൂറിസം സർവ്വീസിനായി ഷെഡ്യൂൾ ബസുകൾ മാറ്റുന്നതും സർവ്വീസ് മുടക്കത്തിന് കാരണമാകുന്നതായി ആക്ഷേപമുണ്ട്. ഉത്സവ സീസൺ മുന്നിൽ കണ്ട് ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനും നടപടി ഉണ്ടാകുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *