കോട്ടയം : മണിമലയിൽ തോട്ടത്തിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ പഞ്ചായത്തംഗവും സി.പി.എം ലോക്കൽ കമ്മിറ്റി അംഗവുമായ ജോജി ജോൺ ഉൾപ്പെടെ ആറുപേരെ മണിമല പൊലീസ് അറസ്റ്റ് ചെയ്തു.
വൈക്കുന്നേൽ ഷിബുവിനെയാണ് കരിക്കാട്ടൂർ സെൻട്രലിൽ അമ്പാട്ടുകുന്നേൽ കോളനിക്ക് സമീപത്തെ തോട്ടത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ജോജി ജോണിന്റെ മാനസികാസ്വാസ്ഥ്യമുള്ള മാതാവിനെ മർദിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനിടെയാണ് ഷിബുവിന് പരിക്കേറ്റതെന്നാണ് പൊലീസ് പറയുന്നത്.
തുടർന്ന് അടുത്ത ദിവസമാണ് ഷിബുവിനെ തോട്ടത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ആന്തരികാവയവങ്ങൾക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് കണ്ടെത്തിയതോടെയാണ് സംഭവത്തിൽ കൊലപാതകസാധ്യത തെളിഞ്ഞത്.
തുടർന്ന് കസ്റ്റഡിയിലുണ്ടായിരുന്ന പ്രതികളുടെ അറസ്റ്റ് ഇന്നലെ രാത്രിയോടെ പൊലീസ് രേഖപ്പെടുത്തി. മണിമല പഞ്ചായത്തംഗം ജോജി ജോൺ, ജോബിൻ രാജൻ, ഷൈബിൻ സാം, നിഖിൽ അയ്യപ്പൻ, അമൽ രാജ്, കിരൺ എന്നിവരാണ് അറസ്റ്റിലായത്.





