കോട്ടയം: കോട്ടയത്ത് ഗോഡൗണിൽ സൂക്ഷിച്ചിരുന്ന 220 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. പാക്കിൽ ഇല്ലിമൂട്ടിലെ ഗോഡൗണിൽ നിന്നാണ് 3,500 കിലോയോളം നിരോധിത പുകയില ഉത്പന്നങ്ങൾ എക്സൈസ് പിടിച്ചെടുത്തത്.
പാലക്കാട് സ്വദേശികളാണ് ഗോഡൗൺ വാടകയ്ക്കെടുത്തിരുന്നത്. എക്സൈസ് ഉദ്യോഗസ്ഥർ പരിശോധനയ്ക്കെത്തുമ്പോൾ ഗോഡൗൺ പൂട്ടിയ നിലയിലായിരുന്നു. നിരോധിത പുകയില ഉത്പന്നങ്ങളുടെ സംഭരണവും വിതരണവും നടത്തിവന്നത് പാലക്കാട് സ്വദേശികളാണെന്നാണ് നിഗമനം.
പരിശോധനയ്ക്കിടെ എക്സൈസിന് പ്രതികളെ കണ്ടെത്താനായില്ല. എന്നാൽ പ്രതികൾ നിരോധിത പുകയില ഉത്പന്നങ്ങൾ വിതരണം ചെയ്തിരുന്ന കാർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി എക്സൈസ് അറിയിച്ചു.





