poonjar

ഗുരുദേവ തിരുസന്നിധാന ശതാബ്ദി ആഘോഷങ്ങൾക്ക് ഭക്തിസാന്ദ്ര തുടക്കം; പൂഞ്ഞാർ മങ്കുഴി ക്ഷേത്രത്തിൽ ഒരു വർഷം നീളുന്ന പരിപാടികൾക്ക് തുടക്കമായി

പൂഞ്ഞാർ: എസ്.എൻ.ഡി.പി യോഗം 108-ാം നമ്പർ മങ്കുഴി ആകൽപ്പാന്ത പ്രശോഭിനി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ഭഗവാൻ ശ്രീനാരായണ ഗുരുദേവൻ പൂഞ്ഞാറിൽ തിരുസന്നിധാനം ചെയ്തതിന്റെ ശതാബ്ദി ആഘോഷങ്ങൾക്ക് ഭക്തിസാന്ദ്രമായ തുടക്കമായി. ഒരു വർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷ പരിപാടികൾ വിവിധ ആത്മീയ, സാംസ്കാരിക, സാമൂഹിക പരിപാടികളോടെയാണ് ആരംഭിച്ചത്.

രാവിലെ 9 മുതൽ ക്ഷേത്രത്തിൽ നടന്ന മഹാഗുരുപൂജയ്ക്കും പ്രത്യേക ചടങ്ങുകൾക്കും പത്മശ്രീ വിശുദ്ധാനന്ദ സ്വാമികളും ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ രഞ്ജു അനന്തഭദ്രത് തന്ത്രികളും മുഖ്യകാർമ്മികത്വം വഹിച്ചു. ചതയദിനത്തിൽ തന്നെയാണ് ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കമായത് എന്നത് ചടങ്ങിന് പ്രത്യേക പ്രാധാന്യം നൽകി.

തുടർന്ന് നടന്ന പൊതുസമ്മേളനം പത്മശ്രീ വിശുദ്ധാനന്ദ സ്വാമികൾ ഉദ്ഘാടനം ചെയ്തു. ഗുരുദേവൻ പൂഞ്ഞാറിൽ തിരുസന്നിധാനം ചെയ്തതിന്റെ നൂറാം വാർഷിക സ്മരണയായി ക്ഷേത്രമൈതാനിയിൽ ശതാബ്ദി സ്മാരക പുന്തോട്ടം ഒരുക്കുന്ന പദ്ധതിക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി 150 ചെത്തിച്ചെടികൾ നട്ടു. ആദ്യ ചെത്തിച്ചെടി വിശുദ്ധാനന്ദ സ്വാമികൾ നട്ടു.

ആകൽപ്പാന്ത പ്രശോഭിനി എന്ന നാമത്തിന്റെ അർത്ഥം അന്വർത്ഥമാക്കുന്ന രീതിയിൽ ക്ഷേത്രം എക്കാലവും പ്രകാശിച്ചു നിലകൊള്ളുന്നുവെന്നും. ശതാബ്ദി സ്മാരകമായി “ശ്രീനാരായണ ശതാബ്ദി മന്ദിരം” നിർമ്മിക്കണമെന്ന ആവശ്യവും ചടങ്ങിൽ ഉയർന്നു.

ഗുരുദേവൻ നാമകരണം ചെയ്ത കുന്നോന്നി പാലംപറമ്പിൽ സുശീലാമ്മ ഭദ്രദീപ പ്രകാശനം നിർവഹിച്ച സമ്മേളനത്തിൽ ശാഖാ പ്രസിഡന്റും എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ കൺവീനറുമായ എം.ആർ. ഉല്ലാസ് അധ്യക്ഷത വഹിച്ചു.

2025-26 അധ്യയന വർഷത്തിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ പത്മശ്രീ വിശുദ്ധാനന്ദ സ്വാമികൾ ആദരിച്ചു. പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റും എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ വനിതാസംഘം ചെയർപേഴ്സനുമായ മിനർവ്വ മോഹൻ മുഖ്യപ്രഭാഷണം നടത്തി. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ രഞ്ജു അനന്തഭദ്രത് അനുഗ്രഹ പ്രഭാഷണം നടത്തി.

കെ.ആർ. ഷാജി തലനാട്, സജി കുന്നപ്പള്ളിൽ, ശാഖാ വൈസ് പ്രസിഡന്റ് വി. ഹരിദാസ് എന്നിവർ പ്രസംഗിച്ചു.
ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ആത്മീയ, സാംസ്കാരിക, സാമൂഹിക മേഖലകളെ ഉൾക്കൊള്ളുന്ന വിവിധ പരിപാടികൾ ഒരു വർഷം മുഴുവൻ സംഘടിപ്പിക്കുമെന്ന് സമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *