പൂഞ്ഞാർ: എസ്എൻഡിപി യോഗം 108-ാം നമ്പർ പൂഞ്ഞാർ ശാഖാ യോഗം വക മങ്കുഴി ആകൽപ്പാന്ത പ്രശോഭിനി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠയ്ക്ക് ശേഷം നടതുറപ്പ് മഹോത്സവം നാളെ നടക്കും.
മെയ് 10 ന് ഉച്ചകഴിഞ്ഞ് 12.46 നും 2.45 നും മധ്യേയുള്ള മുഹൂർത്തത്തിൽ നടന്ന പ്രതിഷ്ഠയ്ക്ക് ശേഷം ക്ഷേത്ര ശ്രീകോവിലുകൾ ദീപസ്ഥാപനം എന്ന ചടങ്ങിനായി മൂന്ന് നാൾ അടച്ചിട്ട് ദേവചൈതന്യത്തെ സമ്പൂർണ്ണമായി ദേവ വിഗ്രഹങ്ങളിലേ എത്തിക്കുന്നതിന് ദേവന്മാരുടെ പൂജ ഈ ദിവസങ്ങളിൽ ശ്രീകോവിലിനുള്ളിൽ നടക്കുന്നുവെന്നാണ് വിശ്വാസം.
നാലാം കലശം നടതുറപ്പ് മഹോത്സവത്തോട് അനുബന്ധിച്ച് രാവിലെ 5 ന് ഗുരുപൂജ, മഹാഗണപതിഹോമം, 5.30 ന് നടതുറക്കൽ, കാണിദർശനം, മഹാദേവനും സുബ്രഹ്മണ്യസ്വാമിക്കും ബ്രഹ്മകലശാഭിഷേകം, പരികലശാഭിഷേകം നടക്കും. തുടർന്ന് ക്ഷേത്രത്തിൽ അന്നേ ദിവസം ഷഷ്ഠിപൂജയും, കാര്യസിദ്ധി പൂജയും നടക്കും.
നാളെ രാവിലെ 10 ന് ക്ഷേത്രസമർപ്പണ മഹാസമ്മേളനം നടക്കും. ശ്രീനാരായണ ഗുരുദേവൻ പേരിട്ട രണ്ട് മഹദ് വ്യക്തികൾ, സുശീലാമ്മയും, സ്വാത ന്ത്ര്യസമരസേനാനി എം. കെ. രവീന്ദ്രൻ വൈദ്യരും ചേർന്ന് നടത്തുന്ന ഭദ്രദീപ പ്രകാശന ത്തോടുകൂടിയാണ് സമ്മേളനം ആരംഭിക്കുന്നത്.
എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ മുഖ്യാതിഥിയായി എസ്.എൻ ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം പ്രീതി നടേശൻ പങ്കെടുക്കും. ക്ഷേത്ര പ്രതിഷ്‌ഠാ മഹോത്സവത്തിൻ്റെ സ്വാഗത സംഘം ചെയർമാൻ എം, ആർ. ഉല്ലാസ് അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിന്
എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡൻ്റ് തുഷാർ വെള്ളാപ്പള്ളി മുഖ്യ പ്രഭാഷണം നടത്തും.
ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ രഞ്ചു അനന്തഭദ്രത്ത് അനുഗ്രഹ പ്രഭാഷണം നടത്തും. സമ്മേളനത്തിന് ജനറൽ കൺവീനർ വി. എസ്. വിനു സ്വാഗതവും വൈസ് ചെയർമാൻ വി. ഹരിദാസ് കൃതജ്ഞതയും രേഖപ്പെടുത്തും.