kottayam

വിദ്യാഭ്യാസത്തെ ബഹുജന മുന്നേറ്റ പ്രസ്ഥാനമാക്കി മാറ്റിയതിൽ ന്യൂനപക്ഷ സമൂഹത്തിന് വലിയ പങ്ക്: മിനി ആന്റണി

കോട്ടയം: സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയെ ബഹുജന മുന്നേറ്റ പ്രസ്ഥാനമാക്കി മാറ്റിയതിൽ ന്യൂന പക്ഷ സമൂഹങ്ങൾ നൽകിയ സംഭാവന വളരെ വലുതാണെന്ന് പൊതുഭരണ (ന്യൂനപക്ഷ ക്ഷേമ ) വകുപ്പ് സെക്രട്ടറി മിനി ആന്റണി.

സംസ്ഥാന ന്യൂന പക്ഷ കമ്മിഷൻ സംഘടിപ്പിച്ച കോട്ടയം ജില്ലാ സെമിനാർ മാമ്മൻ മാപ്പിള ഹാളിൽ ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രസംഗിക്കുകയായിരുന്നു അവർ. സാമ്പത്തിക, സാമൂഹിക മേഖലകളിൽ സംസ്ഥാനത്തെ വേറിട്ട നിലവാരത്തിലെത്തിക്കാൻ ന്യൂനപക്ഷ സമൂഹം വലിയ തരത്തിൽ സഹായിച്ചിട്ടുണ്ടെന്നും മിനി ആന്റണി പറഞ്ഞു.

സംസ്ഥാന ന്യൂന പക്ഷ കമ്മിഷൻ അധ്യക്ഷൻ അഡ്വ. എ.എ. റഷീദ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. 2024 ഡിസംബറോടെ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട ഒരുലക്ഷത്തോളം പേർക്കു സംസ്ഥാന നോളജ് എക്കണോമി മിഷൻ വഴി തൊഴിൽ നൽകാനാണ് ന്യൂനപക്ഷ കമ്മിഷൻ ശ്രമിക്കുന്നത് എന്ന് അഡ്വ.എ.എ. റഷീദ് പറഞ്ഞു.
ജില്ലാ കളക്ടർ വി വിഗ്‌നേശ്വരി മുഖ്യ പ്രഭാഷണം നടത്തി.

ന്യൂന പക്ഷ കമ്മിഷൻ അംഗം പി. റോസ, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ബീനാ പി. ആനന്ദ് , സംഘാടക സമിതി ചെയർമാൻ ടോം ജോസഫ് അറയ്ക്കപറമ്പിൽ, ജനറൽ കൺവീനർ റഫീക് അഹമ്മദ് സഖാഫി, ദീപിക ദിനപത്രം ചീഫ് എഡിറ്റർ ഡോ: ജോർജ് കുടിലിൽ, ചങ്ങനാശേരി അതിരൂപത എ.കെ.സി.സി. പ്രസിഡന്റ് ബിജു സെബാസ്റ്റ്യൻ, എം.എസ്.എസ്. സംസ്ഥാന സെക്രട്ടറി എൻ. ഹബീബ്, പെന്തക്കോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ കോട്ടയം ജനറൽ സെക്രട്ടറി പാസ്റ്റർ ടി.വി. തോമസ്, ന്യൂന പക്ഷ കമ്മിഷൻ രജിസ്ട്രാർ എസ്. ഗീത എന്നിവർ പ്രസംഗിച്ചു.

‘ന്യൂനപക്ഷ സമൂഹവും വിജ്ഞാന തൊഴിലും’ എന്ന വിഷയത്തിൽ കേരള നോളജ് ഇക്കോണമി മിഷൻ റീജണൽ പ്രോഗ്രാം മാനേജർ നീതു സത്യൻ, ‘ന്യൂന പക്ഷങ്ങൾക്കായുള്ള ക്ഷേമ പദ്ധതികൾ’ എന്ന വിഷയത്തിൽ സംസ്ഥാന ന്യൂന പക്ഷ കമ്മിഷൻ അംഗം പി. റോസ, ‘കേരള സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ ആക്ട് എന്ത് എന്തിന്’ എന്ന വിഷയത്തിൽ ന്യൂന പക്ഷ കമ്മിഷൻ അംഗം എ. സെയ്ഫുദീൻ ഹാജി എന്നിവർ വിഷയാവതരണങ്ങൾ നടത്തി. തുടർന്ന് വിഷയാവതരണത്തെ അടിസ്ഥാനമാക്കിയുള്ള പൊതു ചർച്ചയും നടന്നു.

സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ പ്രവർത്തനങ്ങൾ , ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി വിവിധ സർക്കാർ-സർക്കാരിതര ഏജൻസികൾ ആവിഷ്‌ക്കരിച്ച് നടപ്പാക്കിവരുന്ന ധനസഹായ പദ്ധതികൾ, കേരള നോളജ് ഇക്കോണമി മിഷനുമായി ചേർന്ന് സംഘടിപ്പിച്ചുവരുന്ന പ്രത്യേക നൈപുണ്യ പരിശീലനം എന്നിവ സംബന്ധിച്ചു ന്യൂനപക്ഷ വിഭാഗങ്ങളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ യാണ് സംസ്ഥാന ന്യൂന പക്ഷ കമ്മിഷൻ എല്ലാ ജില്ലകളിലും സെമിനാറുകൾ സംഘടിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *