kottayam

അസന്നിഹിത വോട്ടർമാരുടെ വോട്ടെടുപ്പ് തുടങ്ങുന്നു

കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 85 വയസു പിന്നിട്ട മുതിർന്ന വോട്ടർമാർക്കും ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്കും വീട്ടിലെത്തി വോട്ടു രേഖപ്പെടുത്തുന്ന നടപടി തിങ്കളാഴ്ച (ഏപ്രിൽ 15) മുതൽ ആരംഭിക്കും.

അസന്നിഹിത വോട്ടർ(ആബ്‌സെന്റീ വോട്ടർ)വിഭാഗത്തിൽപ്പെടുത്തിയാണ് 85 വയസു പിന്നിട്ടവർക്കും 40 ശതമാനത്തിലേറെ ഭിന്നശേഷിയുള്ളവർക്കും വീട്ടിൽ തന്നെ വോട്ട് ചെയ്യുന്നതിനുള്ള സൗകര്യം തെരഞ്ഞെടുപ്പു കമ്മിഷൻ ഒരുക്കിയിരിക്കുന്നത്.

അസന്നിഹിത വോട്ടർമാർക്കുള്ള വോട്ടിങ്ങിന്റെ ആദ്യഘട്ടം ഏപ്രിൽ 15ന് തുടങ്ങി ഏപ്രിൽ 19ന് അവസാനിക്കും. 12 ഡി പ്രകാരം അപേക്ഷ നൽകിയ അർഹരായ വോട്ടർമാരുടെ വീടുകളിൽ സ്പെഷൽ പോളിങ് ടീമുകളെത്തി വോട്ട് രേഖപ്പെടുത്തും.

ഒന്നാംഘട്ടത്തിൽ വോട്ട് ചെയ്യാൻ സാധിക്കാത്ത വോട്ടർമാരുടെ വീടുകളിൽ ഏപ്രിൽ 20 മുതൽ ഏപ്രിൽ 24 വരെയുള്ള തീയതികളിൽ രണ്ടാംഘട്ടമായി പോളിങ് ടീം സന്ദർശിച്ച് വോട്ട് രേഖപ്പെടുത്തും. ഈ രണ്ടുഘട്ടത്തിലും വോട്ടു ചെയ്യാൻ സാധിക്കാത്തവരുടെ വീടുകളിൽ ഏപ്രിൽ 25ന് (ബഫർ തിയതി) പോളിങ് സംഘം വീണ്ടും സന്ദർശിക്കും.

ഉപവരണാധികാരികൾ തയാറാക്കിയ സമയക്രമപ്രകാരം വോട്ട് രേഖപ്പെടുത്തേണ്ട തീയതി വോട്ടർമാരെ മുൻകൂട്ടി അറിയിക്കും. പ്രസ്തുത പട്ടിക സ്ഥാനാർഥികൾക്കും ബന്ധപ്പെട്ട ബൂത്ത്് ലെവൽ ഓഫീസർമാർക്കും മുൻകൂറായി ലഭ്യമാക്കും. രണ്ടു പോളിങ് ഉദ്യോഗസ്ഥർ, ഒരു മൈക്രോ ഒബ്സർവർ, വീഡിയോഗ്രാഫർ, ഒരു സുരക്ഷാഉദ്യോഗസ്ഥൻ എന്നിവരടങ്ങുന്ന സംഘമായിരിക്കും വോട്ടു രേഖപ്പെടുത്താനായി താമസസ്ഥലത്ത് എത്തുക.

വോട്ടിങ്ങിന്റെ രഹസ്യസ്വഭാവം നിലനിർത്തി വോട്ട് ചെയ്യാനുള്ള സൗകര്യങ്ങളും പോളിങ് സംഘം ഒരുക്കും. അസന്നിഹിത വോട്ടുകൾ രേഖപ്പെടുത്തിയ പോസ്റ്റൽ ബാലറ്റുകൾ ഉപവരണാധികാരികൾ അതതു ദിവസം വരണാധികാരി ചുമതലപ്പെടുത്തിയ പോസ്റ്റൽ ബാലറ്റ് നോഡൽ ഓഫീസറെ ഏൽപിച്ച് വോട്ടെണ്ണൽ ദിവസമായ ജൂൺ നാലുവരെ ജില്ലാ ട്രഷറിയിൽ സൂക്ഷിക്കുമെന്നു ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി അറിയിച്ചു.

ജില്ലയിൽ 15036 പേരാണ് അസന്നിഹിത വിഭാഗത്തിലുൾപ്പെടുത്തി വീട്ടിൽ തന്നെ വോട്ട് ചെയ്യാൻ അപേക്ഷ നൽകിയിട്ടുളളത്. 85 വയസു പിന്നിട്ട 10792 പേരും ഭിന്നശേഷിക്കാരായ 4244 പേരും. നിയമസഭാമണ്ഡലം തിരിച്ചുള്ള കണക്ക് ( 85 വയസു പിന്നിട്ടവർ, ഭിന്നശേഷിക്കാർ എന്ന ക്രമത്തിൽ) കോട്ടയം: 939, 325, പുതുപ്പള്ളി: 1318,418, ഏറ്റുമാനൂർ: 1404,519. പാലാ: 1521, 700. കടുത്തുരുത്തി 1596, 648. വൈക്കം: 744,405, കാഞ്ഞിരപ്പള്ളി: 1307, 414. പൂഞ്ഞാർ: 998,428, ചങ്ങനാശേരി 965, 387.

Leave a Reply

Your email address will not be published. Required fields are marked *