പുതുപ്പള്ളി: എൽഡിഎഫ് ഉമ്മൻചാണ്ടിയുടെ കല്ലറയെ അപമാനിച്ചെന്ന് കോൺഗ്രസ്. എൽഡിഎഫ് മധ്യമേഖലാ ജാഥയുടെ പോസ്റ്റർ ഉമ്മൻ ചാണ്ടിയുടെ കല്ലറയുടെ മുകളിൽ പ്രത്യക്ഷപ്പെട്ടതിനു പിന്നിൽ എൽഡിഎഫ് ആണെന്ന് കോട്ടയം ഡിസിസി ആരോപിച്ചു.
പിന്നിൽ പ്രവർത്തിച്ച മാനസിക വൈകൃതമുള്ളവരുടെ ചേതോവികാരം എന്തെന്ന് മനസിലാകുന്നില്ലെന്ന് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ഫേസ്ബുക്ക് കുറിപ്പിൽ പ്രതികരിച്ചു. ജാഥാ ക്യാപ്റ്റൻ ജോസ് കെ. മാണി ഖേദം പ്രകടിപ്പിക്കണമെന്നും ഡിസിസി നേതൃത്വം ആവശ്യപ്പെട്ടു.
സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സിപിഎം ലോക്കൽ കമ്മിറ്റി പൊലീസിൽ പരാതിനൽകി. അന്വേഷണം വേണമെന്ന ആവശ്യവുമായി കേരളാ കോൺഗ്രസും രംഗത്തുവന്നു. ലഹരിക്ക് അടിമയായ വ്യക്തിയാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം.





