Teekoy News

തീക്കോയി സഹകരണ ബാങ്കിനെതിരെ പ്രചരിപ്പിക്കുന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണെന്ന് ഭരണസമിതി

തീക്കോയി: കോട്ടയം ജില്ലയിലെ പ്രമുഖ ക്ലാസ്സ്‌ 1 സ്പെഷ്യൽ ഗ്രേഡ് ബാങ്കായ തീക്കോയി സർവീസ് സഹകരണ ബാങ്കിനെതിരെ പ്രചരിപ്പിക്കുന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണെന്ന് ഭരണസമിതി. ബാങ്ക് ഇടപാടുകളോടൊപ്പം വിവിധ സേവനമേഖലകളിലും ജീവകാരുണ്യ മേഖലകളിലും ഉൾപ്പെടെ പ്രവർത്തിക്കുന്ന സ്ഥാപനം സുതാര്യവും സുസ്ഥിരവുമായ ഇടപാടുകൾ നടത്തുന്ന സ്ഥാപനമാണ്.

രാഷ്ട്രീയ ഭേദമെന്യേ ഓരോ ഇടപാട്കാർക്കും നിയമത്തിന്റെ പരിധിക്കുള്ളിൽ നിന്ന് കൊണ്ട് നൽകാവുന്ന പരമാവധി സേവനങ്ങൾ ബാങ്ക് നൽകുന്നുണ്ട്. ഇത്തരത്തിൽ സുസ്ഥിരവും സുതാര്യവുമായ പ്രവർത്തനങ്ങൾ നടത്തുന്ന ബാങ്കിനെ അപകീർത്തിപ്പെടുത്താനും ജനങ്ങൾക്കിടയിലുള്ള വിശ്വാസം തകർക്കാനും ചില തല്പരകക്ഷികൾ ശ്രമിക്കുന്നതാണ് ഇത്തരം വ്യാജവാർത്തകൾക്ക് പിന്നിലുള്ള യഥാർത്ഥ കാരണം.

ഇടപാട് കാരുടെ നിക്ഷേപങ്ങൾ പൂർണമായും സുരക്ഷിതം ആണെന്നും പുതിയ നിക്ഷേപപദ്ധതികൾ ആവിഷ്കരിച്ചും പ്രത്യേക നിക്ഷേപ സമാഹരണ കാമ്പയിൻ സംഘടിപ്പിച്ചും കുടിശിക നിവാരണ അദാലത്തുകൾ നടത്തിയും മികച്ച പ്രവർത്തനങ്ങൾ ബാങ്ക് തുടരുകയാണെന്നും ഭരണസമിതി പറഞ്ഞു.

നിക്ഷേപകർ പരിഭ്രാന്തരാകേണ്ട യാതൊരു കാര്യവുമില്ല. കക്ഷി രാഷ്ട്രീയ ഭേദമെന്യേ തീക്കോയി സഹകരണ ബാങ്കിനെ സ്നേഹിക്കുന്ന ഇടപാട് കാരുടെയും കേരളാ ബാങ്കിന്റെയും സഹകരണ വകുപ്പിന്റെയും പൊതുജനങ്ങളുടെയും പൂർണ പിന്തുണ ബാങ്കിനുണ്ടെന്നും ഭരണ സമിതി പറഞ്ഞു.

കോട്ടയം ജില്ലയിൽ തന്നെ ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനമായ തീക്കോയി സഹകരണ ബാങ്കിന്റെ സൽപേരിനെ കേവലം രാഷ്ട്രീയ ലക്ഷ്യത്തിന്റെ പേരിൽ അപകീർത്തിപ്പെടുത്താനുള്ള ശ്രമത്തെ സഹകാരികൾ ഒറ്റക്കെട്ടായി ചെറുക്കുമെന്നും ബാങ്കിനെതിരെ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെയും സഹകാരികൾക്കിടയിൽ അനാവശ്യ ഭീതി പരത്തി ഇടപാടുകാർക്കിടയിൽ പ്രകോപനം സൃഷ്ടിച്ച് ബാങ്കിൽ ദൈനം ദിന പ്രവർത്തനങ്ങൾക്ക് തടസം സൃഷ്ടിക്കുന്നവർക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്നും ഭരണസമിതി അറിയിച്ചു.

Leave a Reply

Your email address will not be published.