പാലാ: പറന്നുയരുന്നതിനിടെ കെട്ടിടത്തിന്റെ ചില്ലിലിടിച്ചുവീണ മയിലിനെ മൃഗാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അരുണാപുരം ജംഗ്ഷനിൽ രാവിലെയാണ് സംഭവം നടന്നത്. ജംഗ്ഷനു സമീപത്തെ വീടിനു മുറ്റത്തുനിന്നു പറന്നുയരുന്നതിനിടെ എതിര്‍വശത്തെ കെട്ടിടത്തിന്റെ മുകള്‍ഭാഗത്ത് ചില്ലില്‍ ഇടിക്കുകയും ഇടിയുടെ ആഘാതത്തില്‍ കഴുത്തൊടിഞ്ഞ് റോഡിലേക്ക് വീഴുകയുമായിരുന്നു. വീണുകിടന്ന മയിലിനെ നാട്ടുകാര്‍ ചേര്‍ന്ന് പാലാ മൃഗാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല.
ആശുപത്രി അധികൃതര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കുശേഷം മയിലിന്റെ ജഡം മറവുചെയ്യും. ദേശീയപക്ഷിയായ മയില്‍ പറന്നിറങ്ങുന്നത് കൗതുകത്തോടെ നോക്കി നിന്നവര്‍ അല്പസമയത്തിനുള്ളില് റോഡില്‍ തലയടിച്ചു വീഴുന്നത് അമ്പരപ്പോടെയും നൊമ്പരത്തോടെയുമാണു കണ്ടത്.





