കാഞ്ഞിരപ്പള്ളി: സൈബർ തട്ടിപ്പുകാരുടെ ഇരയായ കാഞ്ഞിരപ്പള്ളി സ്വദേശിനിയായ വീട്ടമ്മയ്ക്ക് നഷ്ടമായത് ഒരു കോടി 86 ലക്ഷത്തോളം രൂപ. ഈ മാസം ഒന്നാം തീയതി വയോധികയായ വീട്ടമ്മ വീട്ടിലുണ്ടായിരുന്ന സമയം വീട്ടമ്മയുടെ ഫോണിലേക്ക് ഒരാൾ സിബിഐയുടെ ഓഫീസിൽ നിന്നാണ് വിളിക്കുന്നതെന്നുപറഞ്ഞ് വിളിച്ച് വീട്ടമ്മയോട് വീട്ടമ്മയുടെ പേരും, കുടുംബവിവരങ്ങളും പറയുകയും തുടർന്ന് വാട്സാപ്പിൽ വീഡിയോ കോളിൽ വരാൻ ആവശ്യപ്പെടുകയുമായിരുന്നു.
വീഡിയോ കോളിൽ വീട്ടമ്മയോട് സിബിഐയുടെ ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തി. യൂണിഫോമിലുള്ള ഒരാൾ വീട്ടമ്മയോട് ഇവരുടെ ബാങ്ക് ഡീറ്റെയിൽസിനെകുറിച്ച് പറയുകയും കൂടാതെ മുംബൈയിലുള്ള ബാങ്കിന്റെ വീട്ടമ്മയുടെ അക്കൗണ്ടിൽ കള്ളപ്പണം വെളുപ്പിക്കൽ, നടന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും, ഇതിൽ കോടതിയുടെ അറസ്റ്റ് വാറണ്ട് ഉണ്ടെന്നും ഉടൻതന്നെ അറസ്റ്റ് ചെയ്യുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയും, വ്യാജമായി നിർമിച്ച അറസ്റ്റ് വാറണ്ട് വീഡിയോ കോളിൽ കാണിക്കുകയുമായിരുന്നു.
പരിഭ്രാന്തയായ വീട്ടമ്മയോട് ഇതിൽനിന്നും ഒഴിവാകണമെങ്കിൽ പണം തരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കൂടാതെ ഈ കാര്യങ്ങൾ ആരോടെങ്കിലും പറഞ്ഞാൽ വിദേശത്തുള്ള മക്കളുടെ ജോലി കളയുമെന്നും ഇവരെ ഭീഷണിപ്പെടുത്തി.
തുടർന്ന് വീട്ടമ്മ പലതവണകളായി ഒരു കോടി എൺപത്തിയാറ് ലക്ഷത്തി അറുപത്തി രണ്ടായിരം (1,86,62,000)രൂപ ഇവർ പറഞ്ഞ അക്കൗണ്ടുകളിലേക്ക് അയച്ചുകൊടുക്കുകയുമായിരുന്നു. പണം കൈമാറിയതിനുശേഷം അവരെ ബന്ധപ്പെടാൻ കഴിയാതിരുന്നപ്പോഴാണ് ഇത് തട്ടിപ്പാണെന്ന് വീട്ടമ്മ തിരിച്ചറിഞ്ഞത്.
തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 ൽ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ നഷ്ടപ്പെട്ട തുക തിരിച്ചുലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www.cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.