pala

പാലായിൽ ഔദ്യോഗിക പവർകട്ടിനൊപ്പം ‘മിന്നൽ പവർകട്ട്’; മെഴുകുതിരി കത്തിച്ച് ഒറ്റയാൾ പ്രതിഷേധം

പാലാ: ഔദ്യോഗിക പവർകട്ടിനൊപ്പം അനൗദ്യോഗികമായി കെ എസ് ഇ ബി നിരന്തരം സൃഷ്ടിക്കുന്ന ‘മിന്നൽ പവർകട്ട്’ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് പാലാ വൈദ്യുതി ഭവനു മുന്നിൽ മെഴുകുതിരി കത്തിച്ച് ഒറ്റയാൾ പ്രതിഷേധം നടത്തി.

ദിനംപ്രതി മൂന്ന് തവണ വീതമാണ് ഔദ്യോഗിക പവർകട്ട് നടപ്പാക്കി വരുന്നതെന്ന് എബി ജെ ജോസ് ആരോപിച്ചു. ഇതിനു പുറമേ ദിവസവും നിരവധി തവണ മിന്നൽ പവർകട്ട് സൃഷ്ടിച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്. ഇതുമൂലം ജനങ്ങൾ വലയുകയാണ്. പലയിടങ്ങളിലും അഞ്ച് മിനിറ്റും പത്ത് മിനിറ്റും ഇടവിട്ട് വൈദ്യുതി വിതരണം തടസ്സപ്പെടുന്ന സാഹചര്യമാണുള്ളത്. മിക്കയിടങ്ങളിലും ഇപ്പോൾ ദിനംപ്രതി നിരവധി തവണയാണ് വൈദ്യുതി തടസ്സപ്പെടുന്നത്.

തുടരെ തുടരെ വൈദ്യുതി തടസ്സപ്പെടുന്നതുമൂലം വൈദ്യുതോപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതും പതിവായിരിക്കുകയാണ്. ഫ്രിഡ്ജുകളിൽ സൂക്ഷിക്കുന്ന മരുന്നുകളെയും നിരന്തരമായ വൈദ്യുതി തടസ്സം ദോഷകരമായി ബാധിക്കുന്നുണ്ട്. അറ്റകുറ്റപ്പണികളുടെ പേരു പറഞ്ഞ് ഇപ്പോൾ വൈദ്യുതി നിരന്തരം തടസ്സപ്പെടുത്തുന്നതും പതിവായിരിക്കുകയാണ്.

ഏരിയ തിരിച്ച് അറ്റകുറ്റപ്പണികൾക്കായി വൈദ്യുതി തടസ്സപ്പെടുത്താമെങ്കിലും സബ് സ്റ്റേഷനിൽനിന്ന് പരമാവധി പ്രദേശങ്ങളിലെ വൈദ്യുതി വിതരണം ഒരേസമയം തടസ്സപ്പെടുത്തുന്ന നടപടിയാണ് ഇപ്പോൾ സ്വീകരിച്ചുവരുന്നതെന്നും എബി ജെ ജോസ് ആരോപിച്ചു.

ഇന്നലെ (10/09/2026) കിഴതടിയൂർ പള്ളി ഭാഗത്തെ ട്രാൻസ്ഫോർമറിൽ അറ്റകുറ്റപ്പണി നടത്തിയതിന്റെ ഭാഗമായി വൈദ്യുതി വിതരണം തടസ്സപ്പെടുത്തിയപ്പോൾ കിലോമീറ്ററുകൾ അകലെയുള്ള കൊച്ചിടപ്പാടി മേഖലയിലും മണിക്കൂറുകളോളം വൈദ്യുതി തടസ്സപ്പെട്ടതായി അദ്ദേഹം പറഞ്ഞു. ഇതോടൊപ്പം പലയിടത്തും വോൾട്ടേജ് ക്ഷാമവും രൂക്ഷമാണ്.

വൈദ്യുതി പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് ജനങ്ങളെ നിരന്തരം ബുദ്ധിമുട്ടിക്കുമ്പോഴും ചില വ്യാപാര സ്ഥാപനങ്ങളിൽ രാത്രി വെളുക്കുവോളം സ്ഥാപനങ്ങൾക്കു മുന്നിൽ അലങ്കാര ലൈറ്റുകൾ തെളിച്ച് വൈദ്യുതി പാഴാക്കുന്നതിനെതിരെ അധികൃതർ കണ്ണടയ്ക്കുകയാണെന്നും എബി ജെ ജോസ് ആരോപിച്ചു. ഓരോ വ്യാപാര സ്ഥാപനങ്ങളിലും നൂറുകണക്കിന് ലൈറ്റുകളാണ് തെളിക്കുന്നത്. വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതുവരെ ഇത്തരം അലങ്കാര ലൈറ്റുകൾ ഉൾപ്പെടെ ആവശ്യത്തിൽ കൂടുതൽ തെളിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജനപ്രതിനിധികളുടെ വീടുകൾ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളിലെ ട്രാൻസ്ഫോർമറുകളിലെ വൈദ്യുതി തടസ്സപ്പെടാതിരിക്കാൻ വൈദ്യുതി വകുപ്പ് പ്രത്യേക ശ്രദ്ധ പുലർത്തുന്നതിനാലാണ് അവർക്ക് പരാതിയില്ലാത്തതെന്നും എബി ജെ ജോസ് ആരോപിച്ചു.

വൈദ്യുതി പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ ഔദ്യോഗിക പവർകട്ടിനോട് സഹകരിക്കുന്ന ജനങ്ങളെ കൂടുതൽ വലയ്ക്കുന്ന മിന്നൽ പവർകട്ട് അടിയന്തരമായി ഒഴിവാക്കണമെന്ന് എബി ജെ ജോസ് ആവശ്യപ്പെട്ടു. അറ്റകുറ്റപ്പണികളുടെ പേരിൽ കൂടുതൽ മേഖലകളിൽ വൈദ്യുതി തടസ്സപ്പെടുത്തുന്ന നടപടി നിർത്തിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നടപടികൾ സ്വീകരിച്ച് പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നൽകാൻ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *