രാമപുരം: കേരളത്തിലെ സർവ്വകലാശാലകളിൽ നടപ്പിലാക്കി വരുന്ന നാലുവർഷ ബിരുദ പ്രോഗ്രാമുമായി (FYUGP) ബന്ധപ്പെട്ട് ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഉയർന്നുവരുന്ന വിവിധ പ്രായോഗിക ആശങ്കകളിലും വെല്ലുവിളികളിലും അടിയന്തിരമായി നയപരമായ ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട് രാമപുരം മാർ അഗസ്റ്റിനോസ് കോളേജ് മാനേജർ ഫാ. ബർക്കുമാൻസ് കുന്നുംപ്പുറം, പ്രിൻസിപ്പൽ ഡോ. റെജി വർഗ്ഗീസ് മേക്കാടൻ എന്നിവർ കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ (KSHEC) വൈസ് ചെയർപേഴ്സൺ പ്രൊഫ. അച്യുത്ശങ്കർ എസ്. നായർക്ക് നിവേദനം സമർപ്പിച്ചു.
ദേശീയ വിദ്യാഭ്യാസ നയം (NEP 2020) വിഭാവനം ചെയ്യുന്ന രീതിയിൽ ബഹുവിഷയ പഠനം, അക്കാദമിക് വഴക്കം, ഗവേഷണ ആഭിമുഖ്യം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് നാലുവർഷ ബിരുദ പ്രോഗ്രാം വലിയൊരു വഴിത്തിരിവാണെങ്കിലും, രണ്ടു വർഷത്തെ അനുഭവ സമ്പത്തിന്റെ അടിസ്ഥാനത്തിൽ ചില നിർണ്ണായക മേഖലകളിൽ അടിയന്തിര ശ്രദ്ധയും നയപരമായ വ്യക്തതയും ആവശ്യമാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാണിക്കുന്നു.
ആദ്യ ബാച്ച് വിദ്യാർത്ഥികൾ മൂന്നാം വർഷത്തിലേക്ക് പ്രവേശിക്കുകയും അടുത്ത അക്കാദമിക് വർഷത്തിൽ കേരളത്തിലെ ആദ്യ നാലാം വർഷ ബിരുദ ബാച്ചാകാൻ തയ്യാറെടുക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് മെമ്മോറാണ്ടം സമർപ്പിക്കപ്പെട്ടത്. പ്രധാന വിഷയങ്ങളും ശുപാർശകളും താഴെ പറയുന്നവയാണ്:
പ്രധാന ആശങ്കകളും ആവശ്യങ്ങളും:
1.നാലാം വർഷ നടത്തിപ്പിന് സമഗ്ര മാർഗ്ഗനിർദ്ദേശം:
നാലാം വർഷ അക്കാദമിക് ഘടന, പാഠ്യപദ്ധതി, അഡ്വാൻസ്ഡ് കോഴ്സുകൾ, പ്രബന്ധങ്ങൾ, മൂല്യനിർണ്ണയം, ലാബ് സൗകര്യങ്ങൾ, ടൈംടേബിൾ പുനഃക്രമീകരണം എന്നിവ സംബന്ധിച്ച വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ സർവ്വകലാശാലകൾ എത്രയും വേഗം ലഭ്യമാക്കണം.
2.FYUG ഓണേഴ്സ് വിത്ത് റിസർച്ച് ഏകീകരണം:
ഗവേഷണ മേൽനോട്ടം, പ്രബന്ധ നിലവാരം, പ്ലേജ്യറിസം നിബന്ധനകൾ, മൂല്യനിർണ്ണയ രീതികൾ എന്നിവയിൽ എല്ലാ സർവ്വകലാശാലകളിലും ഒരുപോലെ ബാധകമാകുന്ന ഏകീകൃത പ്രവർത്തന മാനദണ്ഡങ്ങൾ പുറപ്പെടുവിക്കണം.
3.യുജിസി Ph.D. ചട്ടങ്ങളുമായുള്ള യോജിപ്പ് (ഗവേഷണ കേന്ദ്രങ്ങളുടെ അനുമതി):
UGC Ph.D. ചട്ടങ്ങൾ (2022) അനുസരിച്ച് ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങളും യോഗ്യരായ റിസർച്ച് സൂപ്പർവൈസർമാരുമുള്ള നാലുവർഷ ബിരുദ വകുപ്പുകൾക്ക് Ph.D. പ്രോഗ്രാമുകൾ ആരംഭിക്കാൻ അനുമതിയുണ്ട്. എന്നാൽ ചില സർവ്വകലാശാലകൾ ബിരുദാനന്തര ബിരുദ (PG) കോഴ്സുകൾ ഉള്ള വകുപ്പുകൾക്ക് മാത്രമായി ഗവേഷണ കേന്ദ്രങ്ങൾ പരിമിതപ്പെടുത്തുന്നത് വിദ്യാർത്ഥികളുടെ ഗവേഷണ അവസരങ്ങളെ ബാധിക്കുന്നു. യോഗ്യതയുള്ള ബിരുദ വകുപ്പുകൾക്കും ഗവേഷണ കേന്ദ്രങ്ങളാകാൻ അനുമതി നൽകണം.
4.അധ്യാപകരുടെ ജോലിഭാരം ശാസ്ത്രീയമായി പുനർനിർണ്ണയിക്കൽ:
തുടർച്ചയായ മെന്ററിംഗ്, അക്കാദമിക് ഉപദേശം, Continuous Comprehensive Assessment (CCA), അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ്സ് (ABC) കോർഡിനേഷൻ, ഡിജിറ്റൽ അക്കാദമിക് മാനേജ്മെന്റ് എന്നിവ കാരണം അധ്യാപകരുടെ ജോലിഭാരം വൻതോതിൽ വർദ്ധിച്ചിട്ടുണ്ട്. നാലാം വർഷം തുടങ്ങുന്നതിന് മുൻപായി സംസ്ഥാനതലത്തിൽ ശാസ്ത്രീയമായ ജോലിഭാര വിലയിരുത്തൽ നടത്തുകയും ആവശ്യത്തിന് അധിക അധ്യാപകരെയും ജീവനക്കാരെയും നിയമിക്കുകയും വേണം.
5.ബിരുദതല ഗവേഷണ അന്തരീക്ഷവും വിഭവങ്ങളും:
കോളേജുകളിൽ ലബോറട്ടറി സൗകര്യങ്ങൾ, ഇ-ജേണലുകൾ, പ്ലേജ്യറിസം ചെക്കിംഗ് സോഫ്റ്റ്‌വെയറുകൾ, സ്റ്റാറ്റിസ്റ്റിക്കൽ ടൂളുകൾ, ബിരുദതല ഗവേഷണത്തിനുള്ള സീഡ് ഫണ്ടിംഗ് എന്നിവ ഉറപ്പാക്കാൻ സാമ്പത്തിക പിന്തുണ ലഭ്യമാക്കണം.
6.വിദ്യാർത്ഥികളുടെ തെരഞ്ഞെടുപ്പ് സ്വാതന്ത്ര്യം ഉറപ്പാക്കൽ:
അധ്യാപകരുടെ കുറവും ടൈംടേബിൾ പരിധികളും കാരണം പല കോളേജുകൾക്കും വൈവിധ്യമാർന്ന മൾട്ടിഡിസിപ്ലിനറി, സ്കിൽ എൻഹാൻസ്മെന്റ്, സിഗ്നേച്ചർ കോഴ്സുകൾ നൽകാൻ കഴിയുന്നില്ല. ഇത് പരിഹരിക്കാൻ ഇന്റർ-കോളേജിയറ്റ് അക്കാദമിക് സഹകരണം, ക്ലസ്റ്റർ അടിസ്ഥാനത്തിലുള്ള പഠനം, പൊതുവായ സംസ്ഥാനതല സിഗ്നേച്ചർ കോഴ്സ് ഡിജിറ്റൽ പൂൾ എന്നിവ തയ്യാറാക്കണം.
7.ഏകീകൃത അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ്സും (ABC) ഡിജിറ്റൽ പ്ലാറ്റ്‌ഫോമും:
സ്വയം (SWAYAM), NPTEL തുടങ്ങിയ ഓൺലൈൻ കോഴ്സുകളുടെ ക്രെഡിറ്റ് ട്രാൻസ്ഫറിനായി ഒരു പൊതു സംസ്ഥാനതല ഡിജിറ്റൽ ക്രെഡിറ്റ് അംഗീകാര സംവിധാനവും, കോളേജ് ഭരണനിർവ്വഹണത്തിനായി ഏകീകൃത സംസ്ഥാനതല ഡിജിറ്റൽ അക്കാദമിക് മാനേജ്മെന്റ് സിസ്റ്റവും നടപ്പിലാക്കണം.
8.സംസ്ഥാനതല ഇംപ്ലിമെന്റേഷൻ റിവ്യൂ കമ്മിറ്റി:
KSHEC, സർവ്വകലാശാലകൾ, പ്രിൻസിപ്പൽമാർ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരുടെ പ്രതിനിധികളെ ഉൾപ്പെടുത്തി സംസ്ഥാനതലത്തിൽ FYUGP അവലോകന സമിതി രൂപീകരിക്കണം.
ഉന്നതവിദ്യാഭ്യാസ പരിഷ്കാരങ്ങൾ യഥാർത്ഥ ലക്ഷ്യം കൈവരിക്കണമെങ്കിൽ സർവ്വകലാശാലകളും സർക്കാരും കോളേജുകളും തമ്മിലുള്ള ഏകോപനവും യഥാസമയമുള്ള പിന്തുണയും അത്യാവശ്യമാണെന്നും കൗൺസിൽ വിഷയത്തിൽ അനുകൂല നടപടികൾ സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും പ്രിൻസിപ്പൽ ഡോ. റെജി വർഗ്ഗീസ് മേക്കാടൻ അറിയിച്ചു.





