കുറവിലങ്ങാട്: കേരളത്തിലും ദക്ഷിണേന്ത്യയിലും ആദ്യമായി യാഥാര്‍ത്ഥ്യമാക്കുന്ന കേരളാ സയന്‍സ് സിറ്റിയുടെ ഭാവി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് അനിവാര്യമായ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന് അടിയന്തിര നടപടി സ്വീകരിച്ചതായി അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ അറിയിച്ചു.
കേരള സയന്‍സ് സിറ്റിയില്‍ സന്ദര്‍ശനം നടത്തിയ ശേഷം സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ നടത്തിയ യോഗത്തിലാണ് എംഎല്‍എ ഇക്കാര്യം വ്യക്തമാക്കിയത്.
കുറവിലങ്ങാട് കോഴായില്‍ സംസ്ഥാന സര്‍ക്കാര്‍ വിട്ട് നല്‍കിയ 30 ഏക്കര്‍ സ്ഥലത്ത് നിര്‍മ്മിക്കുന്ന കേരള സയന്‍സ് സിറ്റിയുടെ അടിസ്ഥാന സൗകര്യ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ വിവിധ പദ്ധതികള്‍ മുടങ്ങിപ്പോവുകയും അന്യായമായ കാലതാമസം ഇതിനോടകം നേരിടുകയും ചെയ്ത സാഹചര്യത്തിലാണ് നിലവിലുള്ള സ്ഥിതിവിശേഷം നേരിട്ട് പരിശോധിക്കുന്നതിനും, ആവശ്യമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിനും വേണ്ടി സയന്‍സ് & ടെക്‌നോളജി മ്യൂസിയം ഡയറക്ടര്‍ ഡോ. ജി.പി പത്മകുമാറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘത്തോടൊപ്പം മോന്‍സ് ജോസഫ് എംഎല്‍എ സ്ഥലം സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയത്.
2012 – 13 സംസ്ഥാന ബഡ്ജറ്റില്‍ യുഡിഎഫ് സര്‍ക്കാരിന് വേണ്ടി മുന്‍ ധനകാര്യ മന്ത്രി കെ.എം മാണി അവതരപ്പിച്ച ബഡ്ജറ്റിലാണ് കേരള സയന്‍സ് സിറ്റിയുടെ ആദ്യത്തെ പ്രഖ്യാപനം ഉണ്ടാക്കുന്നത്.
ഇതേ തുടര്‍ന്ന് കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പദ്ധതിയായി ഏറ്റെടുത്ത കേരള സയന്‍സ് സിറ്റി നിര്‍മ്മാണത്തിന് 2014 ഫെബ്രുവരിയില്‍ ശിലാസ്ഥാപനം നടത്തി തുടക്കം കുറിച്ചെങ്കിലും അധികം താമസിക്കാതെ വിവിധങ്ങളായ പ്രതിസന്ധികള്‍ കടന്ന് വന്നതിനെ തുടര്‍ന്ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അനിശ്ചിതാവസ്ഥയില്‍ എത്തിച്ചേരുകയായിരുന്നു.
ഈ പ്രതിസന്ധി പരിഹരിക്കുന്നതിന് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍ നേതൃത്വം കൊടുത്ത് കൊണ്ട് ജോസ് കെ.മാണി, തോമസ് ചാഴിക്കാടന്‍ എന്നീ എം.പിമാരുടെയും, മോന്‍സ് ജോസഫ് എംഎല്‍എയുടെയും സാന്നിദ്ധ്യത്തില്‍ യോഗം വിളിച്ച് ചേര്‍ത്തെങ്കിലും വികസന പ്രവര്‍ത്തനങ്ങളുടെ നിര്‍മ്മാണ രംഗത്ത് കാര്യമായ യാതൊരു പുരോഗതിയും ഉണ്ടായില്ല.
ഇതേ തുടര്‍ന്നാണ് പൊതുതാത്പര്യം കണക്കിലെടുത്ത് കേരള സയന്‍സിറ്റിയുടെ നിലവിലുള്ള നിര്‍മ്മാണ സ്ഥിതിയും, വിവിധങ്ങളായ പ്രതിസന്ധികളും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നതിന് നിയമസഭാ ചോദ്യം ഉന്നയിക്കാന്‍ തയ്യാറായതെന്ന് മോന്‍സ് ജോസഫ് വ്യക്തമാക്കി.
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു കടുത്തുരുത്തി എംഎല്‍എയുടെ ചോദ്യങ്ങള്‍ക്ക് നല്‍കിയ മറുപടിയില്‍ സത്യസന്ധമായ വിശദാംശങ്ങളാണ് നല്‍കിയിട്ടുള്ളത്. പ്രവര്‍ത്തികള്‍ ഇഴഞ്ഞ് നീങ്ങുകയും വലിയ കാലതാമസം നേരിടുന്ന സാഹചര്യമാണ് വ്യക്തമാക്കപ്പെട്ടിരിക്കുന്നത്.
ഗുരുതരമായ ഈ സ്ഥിതി വിശേഷം അടിയന്തിരമായി പരിഹരിക്കുന്നതിന് സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ ആവശ്യപ്പെട്ടു.
വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനമില്ലായ്മയും, സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള സംവിധാനത്തിന്റെ അപര്യാപ്തതയും നിര്‍മ്മാണ രംഗത്ത് മുഖ്യ പ്രതിസന്ധിയായിട്ടാണ് ഇപ്പോഴും നിലനില്‍ക്കുന്നത്.
ഈ ദുരവസ്ഥ പരിഹരിക്കുന്നതിനും സമയ ബന്ധിതമായി ഓരോ കാര്യങ്ങളില്‍ തീര്‍പ്പുണ്ടാക്കുന്നതിന് നിലവിലുള്ള ടെക്‌നിക്കല്‍ കമ്മറ്റി അടിയന്തിരമായി പുന:സംഘടിപ്പിക്കണമെന്ന് എംഎല്‍എ നിര്‍ദേശിച്ചു.
സയന്‍സ് സിറ്റിയുടെ ഭാവി നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പൂര്‍ത്തീകരണത്തിന് ആവശ്യമായ കാര്യങ്ങള്‍ വ്യക്തതയോടെ ക്രമീകരിക്കുന്നതിനും ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിനും ടെക്‌നിക്കല്‍ കമ്മറ്റി പുന:സംഘടിപ്പിക്കുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കുന്നതിലേക്ക് കേരള സയന്‍സ് സിറ്റി ഡയറക്ടര്‍ ഡോ. ജി.പി പത്മകുമാറിനെ ചുമതലപ്പെടുത്തിയതായി മോന്‍സ് ജോസഫ് അറിയിച്ചു.
വര്‍ഷങ്ങളായി അനിശ്ചിതത്തില്‍ നില്‍ക്കുന്ന മൈക്രോ കോണ്‍ക്രീറ്റിംഗ് സംബന്ധിച്ചുള്ള അന്തിമ തീരുമാനം ഇപ്പോഴും കൈക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ലെന്ന് ചര്‍ച്ചയില്‍ വ്യക്തമായി. അടുത്തതായി ചേരുന്ന മന്ത്രി തല യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്ത് തീര്‍പ്പാക്കുന്നതിന് തീരുമാനിച്ചു.
കേരളാ സയന്‍സ് സിറ്റിയുടെ അവശേഷിക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് കൂടുതല്‍ തുക ഇനിയും ആവിശ്യമുണ്ടെന്ന് ഉദ്യോഗസ്ഥ സംഘം എംഎല്‍എ യെ ധരിപ്പിച്ചു.
സയന്‍സ് സിറ്റിയുമായി ബന്ധപ്പെട്ട് എല്ലാ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യുന്നതിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദുവിന്റെയും, തോമസ് ചാഴിക്കാടന്‍ എം.പിയുടെയും സാന്നിധ്യത്തില്‍ ഉന്നതതല യോഗം എത്രയും പെട്ടന്ന് വിളിച്ച് കൂട്ടാന്‍ നടപടി സ്വീകരിക്കുമെന്നും എംഎല്‍എ വ്യക്തമാക്കി.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്ന് കൊണ്ടിരിക്കുന്നതും, മുടങ്ങിക്കിടക്കുന്നതുമായ എല്ലാ സ്ഥലങ്ങളിലും എംഎല്‍എ യുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശനം നടത്തി. തുടര്‍ന്ന് സയന്‍സ് സിറ്റി സെന്‍ട്രല്‍ ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ എല്ലാ നിര്‍മ്മാണ പദ്ധതികളുടെയും വിശദാംശങ്ങള്‍ പരിശോധിച്ച് മന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തീരുമാനമെടുത്തു.
അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ, സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഡയറക്ടര്‍ ഡോ. ജി.പി പത്മകുമാര്‍, സയന്‍സ് സിറ്റിയുടെ ചുമതല വഹിക്കുന്ന അസ്സി. ഡയറക്ടര്‍ സുന്ദര്‍ ലാല്‍, സയന്റിഫിക് ഓഫീസര്‍ സിറിള്‍ കെ ബാബു, സബ് എഞ്ചിനീയര്‍ എബി വര്‍ഗ്ഗീസ് എന്നിവര്‍ സയന്‍സ് സിറ്റിയുടെ ഇതുവരെ നടന്നിരിക്കുന്ന നിര്‍മ്മാണ കാര്യങ്ങളുടെ വിശദാംശങ്ങള്‍ അവതരിപ്പിച്ചു.
കുറവിലങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, വൈസ് പ്രസിഡന്റ് അല്‍ഫോന്‍സ ജോസഫ്, ബേബി തൊണ്ടാംകുഴി, തോമസ് കണ്ണന്തറ, ജോര്‍ജ് ചെന്നേലി, എം.എം ജോസഫ്, ടെസി സജീവ്, ജോയിസ് അലക്‌സ്, സനോജ് മിറ്റത്താനി എന്നിവരും എംഎല്‍എ യോടൊപ്പം ചര്‍ച്ചയിലും സന്ദര്‍ശനത്തിലും പങ്കെടുത്തു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19