തുലാപ്പള്ളി – ആലപ്പാട് ജംക്‌ഷനിൽ ഫയർഫോഴ്സ് വാഹനം മറിഞ്ഞ് ഉദ്യോഗസ്ഥൻ മരിച്ചു. തിരുവല്ല അഗ്നിരക്ഷാ നിലയത്തിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ രഞ്ജിത്ത് കുമാറാണ് (39) മരിച്ചത്. കൊല്ലം ആയൂർ സ്വദേശിയാണ്.
അപകടത്തിൻ പരുക്കേറ്റ 6 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഫയർ ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥരായ ചേർത്തല സ്വദേശി ജോബിൻ വർഗീസ് (42) നെയ്യാറ്റിൻകര സ്വദേശി രാംലാൽ ( 41 ) മണ്ണഞ്ചേരി സ്വദേശി കെ ബി ഹാഷിം ( 44 ) വാമനപുരം സ്വദേശി വി . ആർ അഭിലാഷ് (44 ) ചേർത്തല സ്വദേശി വി. അഭിലാഷ് ( 46 ) ഫോറസ്റ്റ് ഓഫീസർ ഇടകടത്തി സ്വദേശി ഫ്രണ്ട് ( 58 )എന്നിവർക്കാണ് പരുക്കേറ്റത്.
ശബരിമല ഡ്യൂട്ടി കഴിഞ്ഞു മടങ്ങിയ സംഘം സഞ്ചരിച്ച വാഹനം പമ്പ റൂട്ടിൽ തുലാപ്പളളിയിൽ വച്ചാണ് അപകടത്തിൽപെട്ടത്. ഫയർ ഫോഴ്‌സ് വാഹനം നിയന്ത്രണം വിട്ട് നിർത്തിയിട്ടിരുന്ന വാഹനങ്ങളിലേക്ക് ഇടിച്ചു കയറി മറിയുകയായിരുന്നു. അപകടത്തിൽ തമിഴ്നാട്ടിൽനിന്നു ശബരിമലയിലേക്ക് വന്ന തീർഥാടകരുടെ വാഹനം പൂർണമായും തകർന്നു. വനം വകുപ്പിന്റെ വാഹനത്തിലും മറ്റൊരു ജീപ്പിലും ഫയർഫോഴ്സ് വാഹനം ഇടിച്ചു. നിർത്തിയിട്ടിരുന്ന ഈ വാഹനങ്ങളിൽ ആരുമില്ലാത്തതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.





