kottayam

കോട്ടയം – കൊച്ചി റോഡിനും വെളളൂരിൽ എയിംസിനും മുൻഗണന നൽകണം:ഫ്രാൻസിസ് ജോർജ് എം.പി.

കോട്ടയം: ദേശീയ പാത 183,66 എന്നിവയെ ബന്ധിപ്പിച്ചു കൊണ്ട് കോട്ടയത്ത് നിന്ന് ആരംഭിച്ച് കുമരകം വെച്ചൂർ,വൈക്കം, വഴി തൃപ്പൂണിത്തുറ മാർക്കറ്റിന് സമീപം അങ്കമാലി – കുണ്ടന്നൂർ ബൈപാസിൽ എത്തിച്ചേരുന്ന വിധത്തിൽ പുതിയ റോഡ് നിർമ്മിക്കുന്നതിനും എയിംസ് വെള്ളൂരിൽ സ്ഥാപിക്കുന്നതിനും മുൻഗണന നൽകണമെന്ന് ഫ്രാൻസിസ് ജോർജ് എം.പി ആവശ്യപ്പെട്ടു.

പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി വിളിച്ച് ചേർത്ത എം.പിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു ഓൺലൈനായി ചേർന്ന യോഗത്തിൽ മന്ത്രിമാരും ചീഫ് സെക്രട്ടറിയും പങ്കെടുത്തു. കോട്ടയത്ത് നിന്ന് കൊച്ചിയിലേക്ക് അതിരൂക്ഷമായ ഗതാഗത തിരക്കാണ് ഇപ്പോൾ അനുഭവപ്പെടുന്നത്.

ദേശീയപാതാ വിഭാഗത്തിന്റ കണക്ക് അനുസരിച്ച് കോട്ടയത്തിനും കൊച്ചിക്കുമിടയിൽ പ്രതിദിനം ഓടുന്നത് റോഡിന്റെ ശേഷിയുടെ 9 ഇരട്ടി പി.സി.യു ആണ് .അതായത് 90000 വാഹനങ്ങൾ ആണ്.നിരപ്പായ രണ്ട് വരി റോഡുകളിൽ പ്രതിദിനം സഞ്ചരിക്കാവുന്ന വാഹനങ്ങളുടെ എണ്ണം 10000 പി.സി.യു ആണ്. തിരക്കുള്ള സമയങ്ങളിൽ കോട്ടയം കൊച്ചി റൂട്ടിൽ 60 കി.മീ.യാത്ര ചെയ്യാൻ മൂന്ന് മണിക്കൂറിൽ കൂടുതൽ സമയം ഇപ്പോൾ വേണ്ടി വരുന്നുണ്ടന്ന് അദ്ദേഹം പറഞ്ഞു.

ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിനായി ദേശീയ പാത 183,66 എന്നിവയെ ബന്ധിപ്പിച്ചുകൊണ്ട് കോട്ടയത്ത് നിന്ന് കൊച്ചിയിലേക്ക് ഇടനാഴി നിർമ്മിക്കണമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

പരിസ്ഥിതിക്കും കൃഷിക്കും ദോഷം വരാത്ത നിലയിലും നീരൊഴുക്കിന് തടസ്സം ഇല്ലാത്ത വിധത്തിലും എലിവേറ്റഡ് ആയി റോഡ് നിർമ്മിക്കാമെന്നാണ് കേന്ദ്ര മന്ത്രി പറഞ്ഞിരിക്കുന്നത്. ഇതിനാൽ സ്ഥലം ഏറ്റെടുക്കുന്നതിന് തടസ്സം ഉണ്ടാകുകയില്ലന്ന് അദ്ദേഹം പറഞ്ഞു.

പ്രസ്തുത റോഡ് പ്രാവർത്തികമായാൽ കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ ജനങ്ങൾക്ക് വളരെ ഏറെ പ്രയോജനം ലഭിക്കും. മധ്യകേരളത്തിലെ ഗതാഗത വ്യാപാര വ്യവസായ മേഖലകളിൽ ഇത് ഏറെ ഗുണപ്പെടും. നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് തടസ്സമില്ലാതെ യാത്ര ചെയ്യാൻ സാധിക്കും. കുമരകം അന്താരാഷ്ട്ര വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് വിദേശികൾ അടക്കമുള്ളവർക്ക് വേഗത്തിൽ എത്തുവാൻ കഴിയുമെന്ന് ഫ്രാൻസിസ് ജോർജ് കൂട്ടിച്ചേർത്തു.

സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിൽ കോട്ടയം ജില്ലയിലെ വെള്ളൂരിലുളള സ്ഥലമാണ് എയിംസ് സ്ഥാപിക്കുവാൻ ഏറ്റവും അനുയോജ്യമായത്. ലഭിച്ച അപേക്ഷകളുടെ ചുരുക്കപ്പട്ടികയിൽ വെള്ളൂരും ഉൾപ്പെട്ടിട്ടുണ്ട്. റോഡ്,റെയിൽ, വിമാനത്താവളം, ശുദ്ധജലം എന്നിങ്ങനെ എല്ലാ വിധ സൗകര്യങ്ങളും ഉള്ള മറ്റ് സ്ഥലങ്ങൾ കേരളത്തിൽ വേറെ ഇല്ലന്ന് അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *