pravithanam

പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വിജയദിനാഘോഷം നവംബർ 12ന്

പ്രവിത്താനം: ഇക്കഴിഞ്ഞ ഉപജില്ലാതല ശാസ്ത്രമേളയിലും കലോത്സവത്തിലും കായികമേളയിലും കെ.സി.എസ്.എൽ. സാഹിത്യോത്സവത്തിലും ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെ വിജയദിനാഘോഷം നവംബർ 12 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 1.30ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. കേരള ഗവൺമെന്റ് ചീഫ് വിപ്പ് അപു ജോൺ ജോസഫ് മുഖ്യാതിഥിയായി പങ്കെടുക്കും. സ്കൂൾ മാനേജർ വെരി റവ. ഫാ. ജോർജ് വേളൂപറമ്പിൽ അധ്യക്ഷത വഹിക്കും.

ഇക്കഴിഞ്ഞ ഉപജില്ലാതല ശാസ്ത്രമേളയിൽ മികച്ച പ്രകടനം കാഴ്ചവെച്ച സ്കൂൾ സോഷ്യൽ സയൻസ് യു.പി. വിഭാഗത്തിൽ ഓവറോൾ ഒന്നാം സ്ഥാനവും പ്രവൃത്തിപരിചയമേളയിൽ യു.പി. വിഭാഗം ഒന്നാം സ്ഥാനവും ഗണിത-ശാസ്ത്രമേളകളിൽ ഓവറോൾ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയ സ്കൂൾ ഉപജില്ല ശാസ്ത്രമേളയിലെ ഗ്രാൻഡ് ഓവറോൾ സ്ഥാനത്തിന് അർഹരായി.

സ്കൂൾ കലോത്സവത്തിൽ യു.പി. വിഭാഗത്തിൽ സെക്കൻഡ് ഓവറോളും ഹൈസ്കൂൾ വിഭാഗത്തിൽ തേർഡ് ഓവറോളും നേടിയ വിദ്യാലയം ഗ്രാൻഡ് ഓവറോളിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കായികമേളകളിലും മികച്ച നേട്ടങ്ങൾ കൈവരിച്ച സ്കൂളിലെ ഹാൻഡ്‌ബോൾ താരങ്ങൾ സംസ്ഥാനതല മത്സരത്തിലേക്ക് യോഗ്യത നേടി.

കെ.സി.എസ്.എൽ. സാഹിത്യോത്സവത്തിൽ യു.പി., ഹൈസ്കൂൾ വിഭാഗങ്ങളിലായി തേർഡ് ഓവറോൾ നേടാനും സ്കൂളിന് സാധിച്ചു. വിവിധ മത്സരങ്ങളിലായി നൂറോളം വിദ്യാർഥികളാണ് ഉയർന്ന തലങ്ങളിലേക്കുള്ള മത്സരങ്ങളിൽ പങ്കെടുക്കാൻ യോഗ്യത നേടിയത്.

വിജയദിനാഘോഷ സമ്മേളനത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ ജിനു ജെ. വല്ലനാട്ട്, പൂർവവിദ്യാർഥി സിബിച്ചൻ ജോസഫ് കൂടമറ്റത്തിൽ, സ്കൂൾ പ്രിൻസിപ്പൽ ജിജി ജേക്കബ്, സെന്റ് അഗസ്റ്റിൻസ് എൽ.പി. സ്കൂൾ ഹെഡ്മാസ്റ്റർ ബാബു ജോസഫ്, പി.ടി.എ. പ്രസിഡന്റ് ജോബി ജോസഫ്, എം.പി.ടി.എ. പ്രസിഡന്റ് സോനാ ഷാജി, സ്റ്റാഫ് സെക്രട്ടറി ജോജിമോൻ ജോസ് എന്നിവർ സംസാരിക്കും.

വിദ്യാർഥികളുടെ മികവിനെയും കഠിനാധ്വാനത്തെയും ആദരിക്കുന്ന വിജയദിനാഘോഷത്തിൽ അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും പൂർവവിദ്യാർഥികളും പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *