pala

കെ. ആർ. നാരായണന്റെ ജീവിതം ഇന്ത്യൻ ജനാധിപത്യത്തിന്റെ മഹത്തായ സന്ദേശം: മോൻസ് ജോസഫ്

പാലാ: ഏതൊരു വ്യക്തിക്കും രാജ്യത്തിന്റെ പരമോന്നത പദവിയിലെത്താൻ സാധിക്കുമെന്ന ഇന്ത്യൻ ജനാധിപത്യത്തിന്റെ മഹത്തായ സന്ദേശമാണ് മുൻ രാഷ്ട്രപതി കെ. ആർ. നാരായണന്റെ ജീവിതം ലോകത്തിനു നൽകിയതെന്ന് മന്ത്രി മോൻസ് ജോസഫ് പറഞ്ഞു.

കെ. ആർ. നാരായണന്റെ 21-ാം ചരമവാർഷികത്തോടനുബന്ധിച്ച് കെ ആർ നാരായണൻ ഫൗണ്ടേഷൻ പാലായിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

ഉഴവൂരിലെ സാധാരണ സാഹചര്യങ്ങളിൽനിന്ന് രാഷ്ട്രപതി ഭവനിലെത്തിയ കെ. ആർ. നാരായണന്റെ ജീവിതം ഇന്ത്യയുടെ സാമൂഹിക പരിവർത്തനത്തിന്റെ ചരിത്രം കൂടിയാണ്. വിദ്യാഭ്യാസവും അറിവും ഒരുമിക്കുമ്പോൾ സമൂഹത്തിലെ പിന്നാക്കാവസ്ഥകളെ മറികടക്കാൻ കഴിയുമെന്ന് അദ്ദേഹം തെളിയിച്ചു.

രാഷ്ട്രപതിയുടെ പദവിയെ ഭരണഘടനയുടെ അന്തസ്സും ജനാധിപത്യത്തിന്റെ വിശ്വാസ്യതയും സംരക്ഷിക്കേണ്ട ഉത്തരവാദിത്വമായി കെ. ആർ. നാരായണൻ സമീപിച്ചു. ഭരണഘടനയുടെ മൂല്യങ്ങൾ പൊതുജീവിതത്തിൽ പ്രതിഫലിക്കണമെന്നും ഭരണഘടനാ സ്ഥാപനങ്ങൾ ജനങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹത്തിന്റെ ജീവിതവും നിലപാടുകളും ഓർമിപ്പിക്കുന്നു.

കെ. ആർ. നാരായണന്റെ ജീവിതം ഇന്നത്തെ യുവതലമുറയ്ക്ക് വലിയ പ്രചോദനമാണ്. പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനുള്ള ആത്മവിശ്വാസത്തിനൊപ്പം സമൂഹത്തോടുള്ള ഉത്തരവാദിത്വവും യുവാക്കൾ വളർത്തിയെടുക്കണം. വ്യക്തിപരമായ നേട്ടങ്ങൾക്കപ്പുറം രാജ്യത്തിന്റെ പുരോഗതിക്കായി പ്രവർത്തിക്കാനുള്ള മനോഭാവമാണ് പുതിയ തലമുറയിൽ വളരേണ്ടത്.

കെ. ആർ. നാരായണന്റെ സ്മരണയ്ക്കുള്ള ഏറ്റവും വലിയ ആദരം അദ്ദേഹം ഉയർത്തിപ്പിടിച്ച ഭരണഘടനാ മൂല്യങ്ങളും സാമൂഹിക നീതിയും ജനാധിപത്യബോധവും ജീവിതത്തിൽ പ്രാവർത്തികമാക്കുന്നതാണ്. ഒരു സാധാരണ മനുഷ്യന്റെ ജീവിതം ഒരു രാജ്യത്തിന്റെ ജനാധിപത്യ സ്വപ്നങ്ങൾക്ക് എത്രത്തോളം ശക്തി പകരാൻ കഴിയുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് കെ. ആർ. നാരായണനെന്നും മന്ത്രി പറഞ്ഞു.

കെ ആർ നാരായണൻ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ഡോ സിന്ധുമോൾ ജേക്കബ്, ജനറൽ സെക്രട്ടറി സാംജി പഴേപറമ്പിൽ, അനൂപ് കട്ടിമറ്റം, കെ ജെ വിനയകുമാർ, ബിനു പെരുമന തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *