general

കോടതി വിധിക്ക് സാഹചര്യമൊരുക്കിയത് യു.ഡി.എഫ് സർക്കാർ; പിണറായി വിജയനെയും കുടുംബത്തെയും സംരക്ഷിക്കാനാണ് നീക്കം: ബിജെപി

പിണറായി വിജയനെയും കുടുംബത്തെയും സംരക്ഷിക്കുന്ന നിലപാടാണ് യു.ഡി.എഫ് സർക്കാർ സ്വീകരിക്കുന്നതെന്നും കേസിൽ ഇപ്പോഴുണ്ടായ കോടതി നടപടികൾക്ക് സാഹചര്യമൊരുക്കിയത് സർക്കാരിന്റെ ഇടപെടലുകളാണെന്നും ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ഷോൺ ജോർജ് ആരോപിച്ചു.

അഴിമതിക്കെതിരായ നടപടികളിൽ ആത്മാർത്ഥതയുണ്ടായിരുന്നെങ്കിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കത്തിന്റെ അടിസ്ഥാനത്തിൽ തന്നെ സംസ്ഥാന സർക്കാരിന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാമായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കിൽ ബി.എൻ.എസ്.എസ് 175(4) പ്രകാരം പൊതുപ്രവർത്തകന് ലഭിക്കുന്ന പ്രത്യേക നിയമപരിരക്ഷയുടെ പേരിൽ ഇപ്പോൾ ഉയർന്നുവന്ന സാഹചര്യം ഒഴിവാക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എൻഫോഴ്സ്മെന്റ് ഡയറക്ടറുടെ സെപ്റ്റംബർ ഏഴിലെ കത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ അന്ന് തന്നെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യേണ്ടതായിരുന്നു. എന്നാൽ അതിന് തയ്യാറാകാതെ കേസ് മുന്നോട്ടുപോകുന്ന സാഹചര്യം സങ്കീർണമാക്കുകയാണ് സർക്കാർ ചെയ്തത്. എസ്.ഐ.ടി രൂപീകരിക്കുകയും വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടും നാളിതുവരെ ഫലപ്രദമായ അന്വേഷണം നടന്നതായി കാണുന്നില്ല. പിണറായി വിജയനെയും കുടുംബത്തെയും സംരക്ഷിക്കാനുള്ള നീക്കമായാണ് സർക്കാരിന്റെ നടപടികളെ കാണേണ്ടത്.

ഹവാല ഇടപാടുകൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ അന്വേഷണപരിധിയിൽ വരുമെന്ന ആശങ്കയും യു.ഡി.എഫ് സർക്കാരിലെ മന്ത്രിമാർ ഉൾപ്പെടെയുള്ളവർക്ക് കേസിൽ ബന്ധമുണ്ടാകുമെന്ന ഭയവുമാണ് ഈ നിലപാടിന് പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പിണറായി വിജയനെതിരായ ജനവിധിയിലൂടെ അഞ്ച് മാസം മുമ്പ് അധികാരത്തിലെത്തിയ സർക്കാർ ജനങ്ങൾക്ക് നൽകിയ പ്രതീക്ഷകൾക്ക് വിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്നും ഷോൺ ജോർജ് പറഞ്ഞു.

പിണറായി വിജയൻ നേരിട്ട് കൈക്കൂലി വാങ്ങിയിട്ടില്ലെന്ന വാദം ഉന്നയിച്ച് അദ്ദേഹത്തെ ഉത്തരവാദിത്വത്തിൽനിന്ന് ഒഴിവാക്കാനാകില്ല. 2016–2021 കാലഘട്ടത്തിൽ പരിസ്ഥിതി വകുപ്പിന്റെ ചുമതല കൂടി വഹിച്ചിരുന്ന മുഖ്യമന്ത്രി, നിരവധി പരാതികൾ നിലനിന്നിരുന്ന സി.എം.ആർ.എൽ കമ്പനിയുമായി മകൾ വീണ കരാറിൽ ഏർപ്പെട്ട സാഹചര്യം വിശദീകരിക്കേണ്ടതുണ്ട്. സംസ്ഥാന സർക്കാരിന് ഓഹരി പങ്കാളിത്തമുള്ള കമ്പനിയുമായി മുഖ്യമന്ത്രിയുടെ മകൾ കരാറിലേർപ്പെട്ടതും ഗൗരവമായി പരിശോധിക്കപ്പെടണം.

കരാർ പ്രകാരം വീണയ്ക്ക് ലഭിക്കേണ്ടിയിരുന്ന തുക 1.72 കോടി രൂപയായിരുന്നിട്ടും 3.28 കോടി രൂപ കൈപ്പറ്റിയെന്നാണ് പുറത്തുവന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. കരാർ തുകയ്ക്ക് പുറമേ ലഭിച്ച തുകയുടെ വിശദാംശങ്ങളും അതിന്റെ നിയമസാധുതയും അന്വേഷണത്തിലൂടെ വ്യക്തമാക്കേണ്ടതുണ്ട്. അധികമായി ലഭിച്ച തുകയുടെ സ്വഭാവം സംബന്ധിച്ച സംശയങ്ങൾക്ക് വ്യക്തമായ മറുപടി നൽകാൻ ബന്ധപ്പെട്ടവർ തയ്യാറാകണം.

സി.എം.ആർ.എല്ലിന്റെ ധനകാര്യ സ്ഥാപനമായ എംപവർ ഇന്ത്യയിൽനിന്ന് 50 ലക്ഷം രൂപ നേരിട്ട് കൈപ്പറ്റിയതായും രേഖകളുണ്ടെന്ന് ഷോൺ ജോർജ് ചൂണ്ടിക്കാട്ടി. ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ രേഖകളിൽ ‘പി.വി.’ എന്ന പരാമർശവും ഒരു പ്രമുഖ വ്യക്തിയുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് പണം നൽകിയതെന്ന സൂചനയും ഉൾപ്പെട്ടിട്ടുണ്ട്. ഈ രേഖകളുടെ അടിസ്ഥാനത്തിൽ പണം ആർക്കുവേണ്ടിയാണ് നൽകിയതെന്നും ഇടപാടിന്റെ യഥാർഥ ലക്ഷ്യം എന്താണെന്നും അന്വേഷിക്കണം.

പിണറായി വിജയൻ നേരിട്ട് പണം കൈപ്പറ്റിയിട്ടില്ലെന്ന വാദം മാത്രം ഉയർത്തി ഈ ഇടപാടുകളിലെ ഉത്തരവാദിത്വത്തിൽനിന്ന് അദ്ദേഹത്തിന് ഒഴിഞ്ഞുമാറാനാകില്ല. സി.എം.ആർ.എൽ ഇടപാടുകളിലെ മുഴുവൻ സാമ്പത്തിക ഇടപാടുകളും പരിശോധിച്ച് യഥാർഥ വസ്തുതകൾ പുറത്തുകൊണ്ടുവരണമെന്നും അഴിമതിയുമായി ബന്ധപ്പെട്ട കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുന്നതിൽ സർക്കാരിന്റെ ഇരട്ടത്താപ്പ് പുറത്തുകൊണ്ടുവരുന്നതിനും, അഴിമതിക്കാരെ ശിക്ഷിക്കുന്നതിനും ശക്തമായ നിയമപോരാട്ടം തുടരുമെന്നും അഡ്വ. ഷോൺ ജോർജ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *