കോട്ടയം: കോട്ടയം ലോക്സഭ മണ്ഡലത്തിലെ ഏഴു നിയമസഭ മണ്ഡലങ്ങളിലെയും വോട്ട് രേഖപ്പെടുത്തിയ വോട്ടിങ് യന്ത്രങ്ങളും വി.വി. പാറ്റുകളും നാട്ടകത്തെ കോട്ടയം ഗവൺമെന്റ് കോളജിലെ സ്ട്രോങ് റൂമുകളിൽ കനത്തസുരക്ഷയിൽ സൂക്ഷിക്കുന്നു.
ഇനി വോട്ടെണ്ണൽ ദിനമായ ജൂൺ നാലിനേ ഇവ പുറത്തെടുക്കൂ. വെള്ളിയാഴ്ച പോളിങ് അവസാനിച്ചശേഷം ഏഴു നിയമസഭ മണ്ഡലങ്ങളിലെ സ്വീകരണ-വിതരണ കേന്ദ്രങ്ങളിൽ സ്വീകരിച്ച യന്ത്രങ്ങൾ രാത്രിതന്നെ നാട്ടകം ഗവൺമെന്റ് കോളജിലെ സ്ട്രോങ് റൂമിലേക്ക് മാറ്റിയിരുന്നു.
വരണാധികാരിയായ ജില്ലാ കളക്ടർ വി. വിഗ്നേശ്വരിയുടെയും ഉപവരണാധികാരികളുടെയും നേതൃത്വത്തിൽ ശനിയാഴ്ച രാവിലെ എട്ടു മണിയോടെയാണ് ഈ നടപടിക്രമങ്ങൾ പൂർത്തീകരിച്ചത്.