പാലാ: 19 ന് നടക്കുന്ന നഗരസഭ ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാൻ യു.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗം തീരുമാനിച്ചു. സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ യു.ഡി.എഫ് ജില്ലാ നേതൃത്വത്തെ ചുമതലപ്പെടുത്താൻ യോഗം ഐകകണ്ഠേന തീരുമാനിച്ചു. മുൻ ചെയർ പേഴ്സൺ ദിയാ ബിനുവിനെ യോഗം അഭിനന്ദിച്ചു.
മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്നവർക്ക് എത്രയും വേഗം സഹായമെത്തിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡറും യു.ഡി.എഫ് സംയുക്ത പാർലമെന്ററി പാർട്ടി ലീഡറുമായ സെബാസ്റ്റ്യൻ ജെ. പനക്കൽ അദ്ധ്യക്ഷത വഹിച്ചു.
യു, ഡി.എഫിനൊപ്പം നിൽക്കുന്ന ഒമ്പത് കൗൺസിലർമാരും യോഗത്തിൽ സംബന്ധിച്ചു. ഫ്രാൻസിസ് ജോർജ് എം.പി, മാണി സി. കാപ്പൻ എം.എൽ.എ , യു.ഡി.എഫ് ജില്ലാ കൺവീനർ അഡ്വ.ഫിൽസൺ മാത്യൂസ്, കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ . ജയ്സൺ ജോസഫ്, ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. ബിജു പുന്നത്താനം, കോൺഗ്രസ് ബ്ളോക്ക് പ്രസിഡന്റ് എൻ. സുരേഷ്, കേരളാ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ജോർജ് പുളിങ്കാട്, ജോഷി വട്ടക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.





