പാലാ: കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ പാലാ മൂന്നാനിയിൽ പാലാ നഗരസഭ അനുവദിച്ച സ്ഥലത്ത് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ സ്ഥാപിച്ച ഗാന്ധിസ്ക്വയറിൽ സാങ്കേതിക തകരാർ സംഭവിച്ചതിനെ തുടർന്ന് സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിയ ഗാന്ധിപ്രതിമ പുന:സ്ഥാപിച്ചു.
മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസിൻ്റെ നേതൃത്വത്തിൽ മുനിസിപ്പൽ കൗൺസിലർ ബിജുവരിയ്ക്കയാനി, മുൻ മുനിസിപ്പൽ കൗൺസിലർ ടോണി തോട്ടം, മൈക്കിൾ ജോസഫ് കുഴിഞ്ഞാലിൽ, റോയി തൈപ്പറമ്പിൽ എന്നിവർ ചേർന്നാണ് പ്രതിമ പുന:സ്ഥാപിച്ചത്.
ആഗസ്റ്റ് ഒന്നിന് ശനിയാഴ്ച രാവിലെ 9.30-ഓടെ വെള്ളപ്പൊക്കത്തിൽ ഗാന്ധിസ്ക്വയറിൽ സ്ഥാപിച്ചിരുന്ന മഹാത്മാഗാന്ധി പ്രതിമയ്ക്ക് ചെരിവ് സംഭവിച്ചതായി കണ്ടെത്തിയത്. തുടർന്നു ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ്, മുൻ മുനിസിപ്പൽ കൗൺസിലർ ടോണി തോട്ടം, മൈക്കിൾ ജോസഫ് കുഴിഞ്ഞാലിൽ, റോയി തൈപ്പറമ്പിൽ, ഒ എസ് പ്രകാശ് എന്നിവർ കഴുത്തൊപ്പമുള്ള വെള്ളത്തിലൂടെ പ്രതിമയുടെ സമീപത്തെത്തി പരിശോധന നടത്തി. ഐസോ റെസിൻ ഉപയോഗിച്ച് നിർമിച്ച പ്രതിമയ്ക്കും ഗാന്ധിസ്ക്വയറിനും കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് പരിശോധനയിൽ വ്യക്തമായി.
പ്രതിമ പ്ലാറ്റ്ഫോമിൽ ഉറപ്പിച്ചിരുന്ന സ്ക്രൂവിന് ശക്തമായ ജലപ്രവാഹത്തിൽ സാങ്കേതിക തകരാർ സംഭവിച്ചതോടെയാണ് ഒരു വശം പ്ലാറ്റ്ഫോമിൽ നിന്ന് വേർപെട്ടത്. ഭാരം കുറഞ്ഞ ഐസോ റെസിൻ ഉപയോഗിച്ചുള്ള പ്രതിമയുടെ ഒരു വശം ഉയർന്നപ്പോൾ മറുവശം പ്ലാറ്റ്ഫോമിൽ ഉറച്ചുനിന്നതിനാലാണ് പ്രതിമ ചെരിഞ്ഞ നിലയിലായത്.
അപകടസാധ്യത ഒഴിവാക്കാൻ മറ്റ് സ്ക്രൂകളും അഴിച്ചുമാറ്റി പ്രതിമ വെള്ളത്തിൽ നിന്ന് സുരക്ഷിതമായി ഉയർത്തി മാറ്റുകയായിരുന്നു. ഇന്നലെ വൈകിട്ടാണ് പ്രതിമ പുന:സ്ഥാപിച്ചത്. രാവിലെ നഗരസഭ ആക്ടിംഗ് ചെയർപേഴ്സൺ മായാ രാഹുലിൻ്റെ നിർദ്ദേശപ്രകാരം നഗരസഭയുടെ നേതൃത്വത്തിൽ ഗാന്ധി സ്ക്വയറിൽ ശുചീകരണ പ്രവർത്തനങ്ങളും നടത്തി.





