വാകക്കാട് : കുട്ടികൾക്ക് അറിവിന്റെ വെളിച്ചവും വിശ്വാസത്തിന്റെ ചിറകും നൽകുന്ന പ്രസ്ഥാനമാണ് കേരള കത്തോലിക്കാ സ്റ്റുഡൻ്റ്സ് ലീഗ് എന്ന് ബിഷപ്പ് വയലിൽ മെമ്മോറിയൽ ഹോളിക്രോസ് കോളേജ് ചേർപ്പുങ്കലിലെ ഡിപ്പാർട്ട്മെൻറ് ഓഫ് ഫിലിം ആൻഡ് മീഡിയ സ്റ്റഡീസ് തലവനും പാലാ രൂപത മീഡിയ കമ്മീഷന്റെ അസിസ്റ്റൻറ് ഡയറക്ടറുമായ ഫാ. ജീമോൻ ജോസ് പനച്ചിക്കൽകരോട്ട് പറഞ്ഞു.
വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂളിലെ കെ.സി.എസ്.എൽ പ്രസ്ഥാനത്തിൻ്റെ പ്രവർത്തനോദ്ഘാടനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. പഠനത്തോടൊപ്പം കുട്ടികൾ മാനവിക മൂല്യങ്ങൾ നേടിയെടുത്ത് നല്ല വ്യക്തികളായി തീരുന്നതിന് കെ.സി.എസ്.എൽ പോലുള്ള പ്രസ്ഥാനങ്ങൾ അനിവാര്യമാണെന്ന് സ്കൂൾ മാനേജർ ഫാ. ജോൺ കണ്ണന്താനം പറഞ്ഞു.
പിടിഎ പ്രസിഡൻ്റ് ടോമി മാറാമറ്റം, ഹെഡ്മിസ്ട്രസ് സി. റ്റെസ്സ്, ആനിമേറ്റർമാരായ റോസ്മിൻ മരിയ ജോസ്, സി. ലൗലിൻ എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികളെ ഒരുമിപ്പിച്ച് വിശ്വാസത്തിലും അറിവിലും നേതൃത്വത്തിലും വളർത്തുക എന്ന ലക്ഷ്യത്തോടെ വിശ്വാസം, അറിവ്, സേവനം എന്ന ആപ്തവാക്യവുമായി കേരളത്തിലെ കത്തോലിക്കാ വിദ്യാർത്ഥികളുടെ ഏറ്റവും വലുതും സജീവവുമായ സംഘടനകളിൽ ഒന്നാണ് കെ.സി.എസ്.എൽ.





