പ്രശസ്ത പിന്നണി ഗായിക എസ് ജാനകി അന്തരിച്ചു. 88 വയസായിരുന്നു. മൈസൂരുവിലായിരുന്നു അന്ത്യം. അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശ്വസന സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്ന് ഉച്ചയ്ക്കാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 7.30ഓടെയാണ് മരണം സ്ഥിരീകരിച്ചത്.
1938-ല്‍ ഏപ്രില്‍ 23-ന് ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലാണ് എസ് ജാനകി ജനിച്ചത്. മൂന്നാം വയസില്‍തന്നെ സംഗീതത്തോട് ആഭിമുഖ്യ പ്രകടിപ്പിച്ചു. പത്താം വയസില്‍ പൈതി സ്വാമിയുടെ കീഴില്‍ ശാസ്ത്രീയ സംഗീത പഠനം ആരംഭിച്ചു.
പില്ക്കാലത്ത് സംഗീത പഠനത്തിനായി മദ്രാസിലെത്തി. ആകാശവാണി ദേശീയ തലത്തില്‍ സംഘടിപ്പിച്ച ഗാന മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയതോടെയാണ് ജാനകി ശ്രദ്ധേയയായത്. വൈകാതെ മദ്രാസിലെ എ.വി.എം സ്റ്റുഡിയോയില്‍ ജോലി ലഭിച്ചു.
1957ല്‍ 19ആം വയസില്‍ വിധിയിന്‍ വിളയാട്ട് എന്ന തമിഴ് സിനിമയില്‍ ടി. ചലപ്പതി റാവു ഈണം പകര്‍ന്ന ഗാനം ആലപിച്ചുകൊണ്ടാണ് ജാനകി ചലച്ചിത്ര പിന്നണിഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചത്. അതേവർഷം തന്നെ ആറ് ഭാഷകളിൽ പാടി.
തമിഴ്, തെലുഗു, കന്നഡ, മലയാളം, ഹിന്ദി, സംസ്കൃതം, ഒഡിയ, തുളു, ഉർദു, പഞ്ചാബി, ബംഗാളി, കൊങ്കണി തുടങ്ങിയ ഇന്ത്യൻ ഭാഷകളിൽ ഒട്ടേറെ ഗാനങ്ങൾ ജാനകി ആലപിച്ചു. 2016-ൽ സംഗീതരംഗത്ത് നിന്ന് വിരമിക്കുന്നതായി ജാനകി പ്രഖ്യാപിച്ചെങ്കിലും 2018-ൽ അവർ വീണ്ടും സിനിമയിൽ ഗാനം ആലപിച്ചിരുന്നു.
1957 മുതൽ മലയാളസിനിമയിലും എസ്. ജാനകി സജീവമായിരുന്നു. എം എസ് ബാബുരാജ്, വി ദക്ഷിണാമൂർത്തി, ശ്യാം, എം ബി ശ്രീനിവാസൻ തുടങ്ങിയ സംഗീതസംവിധായകരുടെ കീഴിൽ ആയിരക്കണക്കിന് ഗാനങ്ങളാണ് ജാനകി ആലപിച്ചിട്ടുള്ളത്.





