general

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ മദ്യനയം തുടരണം; ഓപ്പറേഷന്‍ തൂഫാന് സമ്പൂര്‍ണ്ണ പിന്തുണ: കെ സി ബി സി മദ്യവിരുദ്ധ സമിതി

മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി കെ സി ബി സി മദ്യവിരുദ്ധ സമിതി. ആദരണീയനായ മുഖ്യമന്ത്രി ശ്രീ. വി.ഡി. സതീശന്‍ അറിയുവാന്‍, മനുഷ്യസമൂഹത്തെ ഉന്‍മൂലനം ചെയ്യുന്ന മാരക ലഹരികള്‍ക്കും മാഫിയാകള്‍ക്കുമെതിരെ അങ്ങയുടെ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന ധീരമായ നിലപാടിന് കേരള കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ മദ്യ-ലഹരി വിരുദ്ധ സമിതി സംസ്ഥാന ഘടകം സമ്പൂര്‍ണ്ണ പിന്തുണയും സഹകരണവും അറിയിക്കുന്നു.

മയക്കുമരുന്നുകള്‍ക്കെതിരെ ശക്തമായ നിലപാടുകളെടുക്കുന്നതിനോടൊപ്പം മദ്യവും മനുഷ്യ സമൂഹത്തെ സമസ്തമേഖലകളിലും ഗുരുതരമായി ബാധിച്ചുകൊണ്ടിരിക്കുന്ന വിപത്താണെന്ന ബോധ്യം സര്‍ക്കാരിനും നമുക്കുമെല്ലാം പൂര്‍ണ്ണമായ ബോധ്യം ഉള്ള കാര്യവുമാണല്ല. ആയതിന്റെ അടിസ്ഥാനത്തില്‍ 2016-ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടപ്പിലാക്കിയ മദ്യനയം അങ്ങയുടെ സര്‍ക്കാരും ഘട്ടംഘട്ടമായി നടപ്പിലാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ആയതിലേക്ക് താഴെപ്പറയുന്ന നിര്‍ദ്ദേശങ്ങള്‍ അങ്ങയുടെ അടിയന്തിര ശ്രദ്ധയ്ക്കായി സമര്‍പ്പിക്കുന്നു:
1.ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ 2016-ലെ മദ്യനയം ഘട്ടംഘട്ടമായിട്ടെങ്കിലും തുടരണം.
2.പുതിയ മദ്യശാലകളൊന്നും തുടങ്ങരുത്.
3.ഓരോ വര്‍ഷവും 10 ശതമാനം വച്ച് ബെവ്‌കോ-കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകള്‍ നിര്‍ത്തലാക്കണം.

4.നിലവിലുള്ള മദ്യശാലകളുടെ പ്രവര്‍ത്തന സമയം രാവിലെ 11 മുതല്‍ വൈകുന്നേരം 7 മണി വരെയാക്കി ചുരുക്കണം.
5.കള്ളുഷാപ്പുകള്‍, വിദേശമദ്യ ഷോപ്പുകള്‍, ബാര്‍, ബിയര്‍/വൈന്‍ പാര്‍ലറുകള്‍ എന്നിവ അനുവദിക്കുന്നതിനും അനുവദിച്ചതിനുമുള്ള ദൂരപരിധി 200 മീറ്റര്‍, 400 മീറ്റര്‍ പുനഃസ്ഥാപിക്കണം.
6.മദ്യശാലകളുടെ മേല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുണ്ടായിരുന്ന നിയന്ത്രണാധികാരം 232, 447 വകുപ്പുകള്‍ പുനഃസ്ഥാപിക്കണം.

7.ലഹരിവിരുദ്ധ ബോധവല്‍ക്കരണത്തിന് ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യവരുമാനം ഉപയോഗിക്കുന്നത് വിരോധാഭാസമാണ്, നിര്‍ത്തലാക്കണം. ബോധവല്‍ക്കരണ കാര്യങ്ങള്‍ക്ക് മറ്റ് സ്ഥാപനങ്ങളുടെ സി.എസ്.ആര്‍. ഫണ്ട് ഉപയോഗിക്കണം.
8.ബോധവല്‍ക്കരണവും ചികിത്സയും എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്നത് വിരോധാഭാസമാണ്.

9.പിണറായി സര്‍ക്കാര്‍ രൂപീകരിച്ച വിമുക്തി മിഷന്‍ പരാജയമായിരുന്നതുകൊണ്ട് പിരിച്ചുവിട്ട് ആന്റി നാര്‍ക്കോട്ടിക് കോര്‍പ്പറേഷന്‍ രൂപീകരിക്കണം.
10.ബോധവല്‍ക്കരണ പരിപാടികളില്‍ മൂന്ന് പതിറ്റാണ്ടിലേറെ പരിചയ സമ്പത്തുള്ള കെ.സി.ബി.സി.യുടെ ലഹരിവിരുദ്ധ വിഭാഗത്തിന് ഉത്തരവാദിത്വം നല്‍കണം.
11.നിലവില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ മദ്യശാലകളുടെയും എണ്ണം ഇനംതിരിച്ച് പുറത്തുവിടണം.
12.പാലക്കാട്ടെ ബ്രൂവറി-ഡിസ്റ്റിലറി അനുമതി പിന്‍വലിക്കണം.

13.മദ്യത്തിനും മാരക ലഹരികള്‍ക്കുമെതിരെ സ്ത്രീശാക്തീകരണവും ബോധവല്‍ക്കരണവും ശക്തിപ്പെടുത്തണം.
14.കള്ളുഷാപ്പുകളില്‍ ശുദ്ധമായ കള്ളല്ലാതെ മറ്റൊന്നും വില്ക്കാന്‍ അനുവദിക്കരുത്.
15.കള്ളുഷാപ്പുകള്‍ ഹോട്ടലുകളായി പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി കൊടുത്ത 2025-26 സാമ്പത്തിക വര്‍ഷത്തെ മദ്യനയം അടിയന്തിരമായി പിന്‍വലിക്കണം. (സ്‌കൂള്‍-കോളേജ് കുട്ടികള്‍ ഭക്ഷണത്തിനായി കള്ളുഷാപ്പിലെത്തി മദ്യപാന ശീലത്തിലേക്ക് കടക്കുന്നു)

16.മദ്യപിച്ചും ലഹരിക്കടിമപ്പെട്ടും ബസുകളില്‍ യാത്ര ചെയ്യുവാന്‍ വരുന്നവരെ റെയില്‍വേ നയംപോലെ യാത്ര അനുവദിക്കാതിരിക്കുക.
17.പൊതുസ്ഥലങ്ങളിലെ മദ്യപാനത്തിനും ലഹരി ഉപയോഗത്തിനും കര്‍ശന ശിക്ഷ നടപ്പിലാക്കുക.
18.ലഹരി ഉപയോഗം മൂലമുള്ള ഗാര്‍ഹികാതിക്രമങ്ങള്‍ക്കും മറ്റ് കേന്ദ്രങ്ങളിലെ അതിക്രമങ്ങള്‍ക്കും കര്‍ശന ശിക്ഷ ഉറപ്പാക്കുക.

19.വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എല്ലാ ദിവസവും മദ്യ-ലഹരിവിരുദ്ധ പ്രതിജ്ഞ നടപ്പിലാക്കുക.
20.ചെത്തുന്ന പനയുടെ, തെങ്ങിന്റെ എണ്ണവും കള്ളിന്റെ അളവും തമ്മില്‍ കൃത്യതയുണ്ടോയെന്ന് പരിശോധിക്കുക. ഷാപ്പുകളില്‍ വ്യാജകള്ള് ഉല്പാദിപ്പിക്കുന്നില്ലായെന്ന് ഉറപ്പുവരുത്തുക.
21.കള്ളുഷാപ്പുകള്‍ ഉള്‍പ്പെടെയുള്ള മദ്യശാലകള്‍ തിരുനാളിനും ഉത്സവത്തിനും പള്ളികളും അമ്പലങ്ങളും അലങ്കരിക്കുന്നതുപോലെ മദ്യപരെ ആകര്‍ഷിക്കാന്‍ വൈദ്യുതാലങ്കാരങ്ങള്‍ നടത്തുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുക.

22.ഡ്രൈഡേ പിന്‍വലിക്കരുത്.
23.സ്‌കൂള്‍-കോളേജ് പി.റ്റി.എ.കളില്‍ ലഹരിക്കെതിരെ ബോധവല്‍ക്കരണം ശക്തമാക്കുക. അധ്യയന വര്‍ഷത്തെ ആദ്യ പി.റ്റി.എ. ജനറല്‍ ബോഡിയില്‍ ടി വിഷയം അവതരിപ്പിക്കുക.
24.പാതയോരങ്ങളില്‍ നിയമാനുസൃതമായി ലഹരിക്കെതിരെ കൂറ്റന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുക. രഹസ്യ വിവരം നല്‍കേണ്ട നമ്പരുകള്‍ പ്രദര്‍ശിപ്പിക്കുക.

25.സംസ്ഥാനത്തെ ഐ.റ്റി. പാര്‍ക്കുകളില്‍ മദ്യം നല്‍കുന്നതിന് ലൈസന്‍സ് നല്‍കുന്നതിന് അനുവദിച്ച ചട്ടം റദ്ദ് ചെയ്യുക.
26.ലഹരി വിരുദ്ധ പ്രവര്‍ത്തന മികവ് കാണിക്കുന്ന എസ്.എസ്.എല്‍.സി., പ്ലസ്ടു കുട്ടികള്‍ക്ക് ഗ്രേഡ് മാര്‍ക്ക് ഏര്‍പ്പെടുത്തുക.
27.മാരക മയക്കുമരുന്നുകളുടെ ഉറവിടം കണ്ടെത്തി കര്‍ക്കശ നിലപാടുകള്‍ സ്വീകരിക്കുക.

28.സ്‌കൂള്‍ പരിസരങ്ങളില്‍ ബൈക്കുകളിലും മറ്റ് വാഹനങ്ങളിലും അനാവശ്യമായി ചുറ്റിക്കറങ്ങുന്ന ആളുകളെ പിന്‍തുടര്‍ന്ന് നടപടി സ്വീകരിക്കുക.
29.മെഡിക്കല്‍ സ്റ്റോറുകളില്‍ സ്ഥിരമായി സിറിഞ്ച്, ചില പ്രത്യേകതരം മരുന്നുകള്‍ വാങ്ങാന്‍ എത്തുന്നവരെ ഷാഡോ പോലീസ് നിരീക്ഷിക്കുക.

30.മയക്കുമരുന്ന് കേസുകളില്‍ പെടുന്നവര്‍ക്ക് കൃത്യമായ ശിക്ഷ ഉറപ്പാക്കുക.
31.ജയിലുകളില്‍ മദ്യമോ ലഹരിവസ്തുക്കളോ എത്തുന്നില്ലെന്ന് ഉറപ്പുവരുത്തുക.
മേല്‍സൂചിപ്പിച്ച നിര്‍ദ്ദേശങ്ങളില്‍ അങ്ങയുടെ സത്വര ശ്രദ്ധ പതിയണമെന്ന് താല്പര്യപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *