aruvithura

ലഹരി വ്യാപനം നിയന്ത്രണത്തിന് സർക്കാർ പ്രതിജ്ഞാബദ്ധം: അഡ്വ. സെബാസ്റ്റ്യൻ എം.ജെ എം എൽ എ

അരുവിത്തുറ :സംസ്ഥാനത്തെ ലഹരി വ്യാപനം നിയന്ത്രിക്കുന്നതിന് പ്രതിജ്ഞാബദ്ധമായ ഒരു സർക്കാരാണ് നിലവിൽ സംസ്ഥാനം ഭരിക്കുന്നതെന്ന് പൂഞ്ഞാർ എം.എൽ.എ അഡ്വ. എം.ജെ സെബാസ്റ്റ്യൻ പറഞ്ഞു. സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ഓപ്പറേഷൻ തൂഫാൻ അനധികൃത ലഹരിയുടെ അടിവേരറക്കുമെന്നും അദ്ദേഹം പറഞ്ഞു.

അരുവിത്തുറ സെൻ്റ് ജോർജ് കോളേജിൽ നടന്ന പുകയില വിരുദ്ധ ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈരാറ്റുപേട്ട മുൻസിപ്പൽ ചെയർമാൻ അഡ്വ. വി.പി നാസർ അധ്യക്ഷനായിരുന്ന ചടങ്ങിൽ അസിസ്റ്റൻറ് എക്സൈസ് കമ്മീഷണറും വിമുക്തി മാനേജറുമായ എം.ഡി പ്രസാദ് മുഖ്യപ്രഭാഷണവും ലഹരി വിരുദ്ധ റാലിയുടെ ഫ്ലാഗ് ഓഫ് കർമ്മവും നിർവഹിച്ചു.

കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ് സന്ദേശം നൽകി. പാലാ റേഞ്ച് അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ജെക്സി ജോസഫ് വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ ക്ലാസ് നയിച്ചു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വിജയകുമാർ.ജി, ഈരാറ്റുപേട്ട റേഞ്ച് പ്രിവെൻറീവ് ഓഫീസർ ജസ്റ്റിൻ തോമസ് എന്നിവർ സംസാരിച്ചു.

അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ സുമോദ്. കെ എസ് വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നൂറുകണക്കിന് വിദ്യാർത്ഥികൾ അണിനിരന്ന ലഹരി വിരുദ്ധ സന്ദേശ റാലിയും കോളേജ് അങ്കണത്തിൽ സംഘടിപ്പിച്ചു. ചടങ്ങുകൾക്ക് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. ഡെന്നി തോമസ്,ഡോ. അഞ്ചു തോമസ് എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *