സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു. പീക്ക് ലോഡ് മാനേജ്മെൻ്റ് എന്ന രീതിയിലാണ് വൈദ്യുതി നിയന്ത്രണം നടപ്പിലാക്കുക. 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെ നിയന്ത്രണം ഉണ്ടാകും.
ലോഡ് കൂടുന്നതിന് അനുസരിച്ച് പ്രാദേശികമായി നിയന്ത്രണം ഏർപ്പെടുത്തും. സാധ്യമായ സമയത്ത് എസ്എംഎസ് വഴി അറിയിക്കുമെന്നും കെഎസ്ഇബി അറിയിച്ചു. വൈദ്യുതി നിയന്ത്രണമില്ലാതെ മുന്നോട്ട് പോകാനാകില്ലെന്നും ജനങ്ങളുടെ ഭാഗത്തുനിന്നും സഹകരണം ഉണ്ടാകണമെന്നുമാണ് കെഎസ്ഇഭി അഭ്യർത്ഥിക്കുന്നത്.
പ്രഖ്യാപനമില്ലാതെ പലയിടങ്ങളിലും വൈദ്യുതി മുടങ്ങുന്നത് വലിയ തരത്തിലുള്ള പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിനിടെയാണ് വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി അറിയിച്ചിരിക്കുന്നത്. പീക്ക് ലോഡ് മാനേജ്മെൻ്റ് എന്ന രീതിയിൽ വൈദ്യുതി ഉപയോഗം നിയന്ത്രിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
ആറ് മണി മുതൽ 11 മണി വരെയുള്ള സമയങ്ങളിലാണ് വൈദ്യുതി ഉപയോഗം ഏറ്റവും കൂടുതൽ ഉള്ളത്. അതത് പ്രദേശത്തിൻ്റെ പ്രത്യേകതകൾക്കനുസരിച്ച് 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെയാണ് വൈദ്യുതി ഉപയോഗത്തിൽ നിയന്ത്രണം ഏർപ്പെടുത്തുക.





