പാലാ: ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരായ കേസുകൾ പിൻവലിക്കാത്ത സർക്കാരിന്റെ നിലപാടിനെതിരെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ് ശക്തമായ വിമർശനവുമായി രംഗത്ത്. ലൗ ജിഹാദ്, നർകോട്ടിക് ജിഹാദ് പരാമർശങ്ങളെ തുടർന്നാണ് ബിഷപ്പിനെതിരെ എട്ട് കേസുകൾ രജിസ്റ്റർ ചെയ്തതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭരണകേന്ദ്രങ്ങളിൽ സ്വാധീനമുണ്ടെന്ന് പറയുന്ന കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണിക്ക് ഈ കേസുകൾ പിൻവലിപ്പിക്കാൻ കഴിയാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. പാലാ മീഡിയ അക്കാദമിയിൽ നടന്ന ‘മീറ്റ് ദ പ്രസ്’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പാലായിലെത്തുമ്പോൾ ബിഷപ്പിനോട് മാപ്പ് പറയണമെന്ന ആവശ്യം ഉന്നയിച്ചതിന് പിന്നാലെയാണ് ജോസ് കെ. മാണിയെയും ഷോൺ ജോർജ് വിമർശിച്ചത്. ബിഷപ്പിനെ ജയിലിലടക്കണമെന്ന നിലപാട് മുൻപ് സ്വീകരിച്ച സതീശൻ പുതുയുഗയാത്രയുടെ ഭാഗമായി പാലായിലെത്തുമ്പോൾ മാപ്പ് പറയാനുള്ള സന്നദ്ധത കാണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ബിഷപ്പിനെതിരെ എട്ട് കേസുകൾ ഇപ്പോഴും നിലനിൽക്കുന്ന സാഹചര്യത്തിൽ ഇടതുമുന്നണിയിലെ മൂന്നാമത്തെ പ്രധാന ഘടകകക്ഷിയായിട്ടും അവ പിൻവലിക്കാൻ ഇടപെടാത്തത് ജോസ് കെ. മാണിയുടെ ഇരട്ടത്താപ്പാണെന്നും ഷോൺ ജോർജ് ആരോപിച്ചു. സഭാ വിശ്വാസികളുടെ പിന്തുണ തേടുന്നവർ സഭാ നേതാവിനെതിരായ കേസുകളിൽ പ്രതികരിക്കാത്തത് രാഷ്ട്രീയ ഇരട്ടത്താപ്പാണെന്നും അദ്ദേഹം വിമർശിച്ചു.
“ഭരണപക്ഷത്തുള്ളവർക്ക് ആഗ്രഹിച്ചാൽ ഈ കേസുകൾ ഒരു നിമിഷം കൊണ്ടു പിൻവലിക്കാം. എന്നിട്ടും അവ ഇപ്പോഴും നിലനിൽക്കുന്നത് സഭയെയും വിശ്വാസികളെയും അപമാനിക്കുന്നതിനു തുല്യമാണ്,” എന്നും ഷോൺ ജോർജ് കൂട്ടിച്ചേർത്തു.





