
പാലാ: ജനറൽ ആശുപത്രിയിൽ രാത്രിയിൽ ചികിത്സ തേടി എത്തിയ ആൾ നടത്തിയ അക്രമത്തിനെതിരെ കർശന നടപടി സ്വീകരിച്ചതായി നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര പറഞ്ഞു.
ഇത് ഒരു ഒറ്റപ്പെട്ട സംഭവമാണ്. സംഭവം അറിഞ്ഞ ഉടൻ പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയും ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ്സെടുക്കുകയും ചെയ്തിട്ടുണ്ട്.
പ്രതിയുടെ മറ്റുവിവരങ്ങൾ പോലീസ് ശേഖരിച്ചു വരുകയാണ് എന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോൾ ആശുപത്രി ജംഗ്ഷനിൽ ഉള്ള രാത്രി കാല പോലീസ് നിരീക്ഷണം ആശുപത്രിയിലേക്ക് കൂടി വ്യാപിപ്പിക്കണം. പകലും രാത്രിയിലും പോലീസ് സേവനം മുടക്കം കൂടാതെ ലഭ്യമാക്കുകയും വേണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്. പോലീസുകാരുടെ കുറവ് പലപ്പോഴും തടസ്സമാകുന്നതായി അധികൃതർ അറിയിച്ചതായി ചെയർമാൻ പറഞ്ഞു.
ആശുപത്രി ജീവനക്കാർക്കും ആരോഗ്യ പ്രവർത്തകർക്കും പൂർണ്ണ സുരക്ഷിതത്വം ഉറപ്പുവരുത്തും. ഇതിനാവശ്യമായ പോലീസ് സംരക്ഷണത്തിനും കൂടുതൽ പോലീസുകാരെ നിയോഗിച്ച് സ്ഥിരം പോലീസ് സഹായ കേന്ദ്രത്തിനുമായി ജില്ലാ പോലീസ് മേധാവിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ചെയർമാൻ പറഞ്ഞു.
കൂടുതൽ സുരക്ഷാ നടപടികൾ സ്വീകരിക്കുന്നതു സംബന്ധിച്ച് ആശുപത്രി അധികൃതരും ജീവനക്കാരുമായി ചർച്ച നടത്തിയതായി ആൻ്റോ പടിഞ്ഞാറേക്കരയും ആരോഗ്യസ്ഥിരം സമിതി അദ്ധ്യക്ഷൻ ബൈജു കൊല്ലം പറമ്പിലും അറിയിച്ചു.വിഷയം രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിക്കുന്നവരുടെ നടപടിയെ ചെയർമാൻ അപലപിച്ചു.