general

കുടുംബത്തില്‍ കിടന്നുറങ്ങേണ്ടവരെ ബാറിലോ, റോഡിലോ കിടത്തിയുറക്കുന്ന നയം’മലബാര്‍ നിഗൂഢത’ നിലവിലെ നയത്തിന് യോജിച്ച പേര്

കുടുംബത്തില്‍ കിടന്നുറങ്ങേണ്ടവരെ ബാറിലോ റോഡിലോ കിടത്തിയുറക്കുന്ന ബാറുകളുടെ സമയം വര്‍ദ്ധിപ്പിച്ചുകൊണ്ടുള്ള മദ്യനയ നിലപാടിനെതിരെ യാതൊരു വിട്ടുവീഴ്ചയ്ക്കുമില്ലെന്നും ക്യാബിനറ്റിലോ മുന്നണിയിലോ കൂടിയാലോചിക്കാത്ത ഈ നയവ്യതിയാനത്തെ ശനിയാഴ്ച നടക്കുന്ന ക്യാബിനറ്റ് യോഗത്തില്‍ തിരുത്തണമെന്നും കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മറ്റിക്കുവേണ്ടി വക്താവും സംസ്ഥാന സെക്രട്ടറിയുമായ പ്രസാദ് കുരുവിള.

തെരഞ്ഞെടുപ്പടുത്ത സമയത്ത് സുബോധത്തോടെ പ്രചരണ പരിപാടികളിലും വോട്ടിംഗിലും പങ്കെടുക്കാനുള്ള സാഹചര്യം ഈ സര്‍ക്കാര്‍ ഉണ്ടാക്കണം. അല്ലാത്തപക്ഷം മദ്യത്തെയും മാരക ലഹരികളെയും അകറ്റി നിര്‍ത്തണമെന്നാഗ്രഹിക്കുന്നവര്‍ ശക്തമായ നിലപാടെടുക്കും.

മദ്യം വര്‍ജ്ജിക്കേണ്ടത് കഴിക്കുന്ന ആളാണെന്ന മന്ത്രി എം.ബി. രാജേഷിന്റെ പ്രതികരണത്തെ പൂര്‍ണ്ണമായും സ്വാഗതം ചെയ്യുന്നു സാര്‍. അത് തന്നെയാണ് ഞങ്ങളും പറയുന്നത്. പിന്നെ എന്തിനാണ് സാര്‍ മദ്യവര്‍ജ്ജനം സര്‍ക്കാരിന്റെ നയമായി നിങ്ങള്‍ ഇതുവരെ പ്രചരിപ്പിച്ചത്? അത് ഒരു വ്യക്തി സ്വയം സ്വീകരിക്കേണ്ടതല്ലേ?

മദ്യശാലകള്‍ യഥേഷ്ടം തുറന്നു കൊടുത്തിട്ട് മദ്യവര്‍ജ്ജനം നടത്തിക്കോളൂ എന്ന് പറയുന്നത് വിരോധാഭാസമാണ് സാര്‍. നിരോധനം ഒരിടത്തും വിജയിച്ചിട്ടില്ലെന്നുള്ള അങ്ങയുടെ പ്രതികരണം വകുപ്പിന്റെ പരാജയത്തെയാണ് സൂചിപ്പിക്കുന്നത്.

സമയം ഏകീകരിച്ചതാണെന്നുള്ള മന്ത്രി എം.ബി. രാജേഷിന്റെ പ്രതികരണവും വിവേചനം ഒഴിവാക്കാന്‍ വേണ്ടി ചെയ്തതാണെന്നുള്ള ജോസ് കെ. മാണി എം.പി.യുടെ ഏറ്റുപറച്ചിലും അസമയത്തുള്ളതും ന്യായീകരിക്കാന്‍ വേണ്ടി മാത്രമുള്ളതുമാണ്.

മദ്യത്തിന്റെ ലഭ്യത വര്‍ദ്ധിപ്പിക്കാനും ഇനിയും മദ്യപിക്കാത്ത തലമുറയെ കൂടി മദ്യാസക്തരാക്കാനും വിലകുറഞ്ഞ പുതിയ മദ്യം നിര്‍മ്മിച്ച് വിപണനം നടത്താന്‍ തുടക്കം കുറിക്കുന്ന നടപടിക്കെതിരെ ശക്തമായ പ്രതിഷേധം അറിയിക്കുന്നു. നിലവിലെ മദ്യനയത്തിന് യോജിച്ച പേരുതന്നെയാണ് മലബാര്‍ മിസ്റ്ററി എന്ന ‘മലബാര്‍ നിഗൂഢത’.

സര്‍ക്കാരിന്റെ തുടര്‍ന്നുവരുന്ന ജനവിരുദ്ധ മദ്യനയങ്ങള്‍ക്കെതിരെ സമാന ചിന്താഗതിക്കാരുമായി കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി അടിയന്തിര കൂടിയാലോചനകള്‍ നടത്തും.

Leave a Reply

Your email address will not be published. Required fields are marked *