പൂഞ്ഞാർ: പൂഞ്ഞാർ സെൻ്റ് ആൻ്റണീസ് ഹയർ സെക്കൻ്ററി സ്കൂളിലെ ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ സ്ഥാപിച്ച പ്ലാസ്റ്റിക് പെൻ ഡ്രോപ് ബോക്സുകളിലെ വിളവെടുപ്പ് ശ്രദ്ധേയമായി.
വഴിയോരത്തോ, കൃഷിയിടത്തിലോ, പുഴയിലോ എത്തിപ്പെടുമായിരുന്ന, ഉപയോഗശൂന്യമായ 1147 പ്ലാസ്റ്റിക് പേനകളാണ് കേഡറ്റുകൾ ശേഖരിച്ച് ഹരിതകർമ്മസേനക്ക് കൈമാറുന്നത്. ഓഗസ്റ്റ് മാസം അവസാനമാണ് സ്കൂളിലെ 5 മുതൽ 10 വരെയുള്ള എല്ലാ ക്ലാസ് മുറികളിലും പെൻ ഡ്രോപ് ബോക്സുകൾ സ്ഥാപിച്ചത്.
അധ്യാപകരുടെയും ക്ലാസ് ലീഡർമാരുടെയും നേതൃത്വത്തിൽ, ഉപയോഗശൂന്യമായ പേനകൾ കുട്ടികൾ ഈ ബോക്സിൽ നിക്ഷേപിച്ചു. സ്കൂളിൻ്റെ രണ്ട് ബിൽഡിംഗുകളിലും സ്ഥാപിച്ചിരിക്കുന്ന വലിയ ബോക്സുകളിലേക്ക് നിശ്ചിത ഇടവേളകളിൽ ഈ വേസ്റ്റ് പേനകൾ ശേഖരിച്ചു.
മൂന്ന് മാസത്തിനു ശേഷം, ‘ വിളവെടുപ്പ് ‘ നടത്തിയപ്പോൾ 1147 പേനകളാണ് ലഭിച്ചത്. മീനച്ചിൽ നദീ സംരക്ഷണ സമിതി, സ്കൂൾ – കോളേജ് വിദ്യാർത്ഥികളുടെ ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പുകളിലൂടെ നടത്തുന്ന ജോയ് ഓഫ് വേസ്റ്റ് മാനേജ്മെൻ്റ് ക്യാംപെയ്ൻ്റെ ഭാഗമായാണ് സ്കൂളുകളിൽ പ്ലാസ്റ്റിക് പെൻ ഡ്രോപ്പ് ബോക്സുകൾ സ്ഥാപിച്ചത്.
അതിലെ ആദ്യ വിളവെടുപ്പാണ് പൂഞ്ഞാർ സെൻ്റ് ആൻ്റണീസിൽ നടന്നത്. പരിസ്ഥിതി പ്രവർത്തകനും മീനച്ചിൽ നദീസംരക്ഷണ സമിതി സെക്രട്ടറിയുമായ എബി ഇമ്മാനുവേൽ പൂണ്ടിക്കുളമാണ് സ്കൂളിൽ പദ്ധതി ഉദ്ഘാടനം ചെയ്തത്.
ഹെഡ്മിസ്ട്രസ് സി. സൂസി മൈക്കിൾ, എസ്.പി.സി. ഓഫീസർമാരായ ടോണി തോമസ് പുതിയാപറമ്പിൽ, മെറീന അബ്രാഹം തുടങ്ങിയവർ നേതൃത്വം നൽകുന്നു.
പരിസ്ഥിതിക്ക് ദോഷമാകുന്ന ഇത്രയും പ്ലാസ്റ്റിക് വേസ്റ്റ് ശേഖരിച്ച് റീ സൈക്ലിംഗിനായി കൈമാറാൻ സാധിക്കുന്നതിൻ്റെ സന്തോഷത്തിലാണ് പൂഞ്ഞാർ സെൻ്റ് ആൻ്റണീസ് ടീമെങ്കിലും, ഉപയോഗശൂന്യമാക്കി ഉപേക്ഷിക്കുന്ന പേനകളുടെ എണ്ണം കുറയട്ടെ എന്നതാണ് തങ്ങളുടെ ആഗ്രഹമെന്ന് പൂഞ്ഞാർ സെൻ്റ് ആൻ്റണീസിലെ കുട്ടിപ്പോലീസുകാർ പറഞ്ഞു.