കോട്ടയം: ശൈശവ വിവാഹത്തിനെതിരേ ജില്ലാ വനിതാ ശിശുക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ പ്രതിജ്ഞയെടുത്തു. കേന്ദ്ര സർക്കാരിന്റെ ‘ചൈൽഡ് മാര്യേജ് മുക്ത് ഭാരത്’ പദ്ധതി പ്രഖ്യാപനത്തിന്റെ ഭാഗമായാണ് പ്രതിജ്ഞയെടുത്തത്.
കളക്‌ട്രേറ്റിൽ നടന്ന ചടങ്ങിൽ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ബീന പി. ആനന്ദ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ വനിതാ ശിശു വികസന ഓഫീസർ റ്റിജു റേച്ചൽ തോമസ്, ജില്ലാ ശിശു സംരക്ഷണ ഓഫീസർ സി.ജെ. ബീന എന്നിവർ പങ്കെടുത്തു.
ജില്ലയിലെ സ്‌കൂളുകൾ, പോലീസ് സ്‌റ്റേഷനുകൾ എന്നിവിടങ്ങളിലും പ്രതിജ്ഞയെടുത്തു. പഠിക്കേണ്ട പ്രായത്തിൽ കുട്ടികൾ വിവാഹിതരാകുന്നത് തടയാൻ നിങ്ങളുടെ ഒരു വാക്ക് മതി. അങ്ങനെയൊരു ‘പൊൻ വാക്കി’ലൂടെ അറിയാത്ത പ്രായത്തിൽ കുട്ടികൾ കുരുക്കിൽപ്പെടുന്നത് തടയാനായാൽ നിങ്ങൾക്ക് 2500 രൂപാ പാരിതോഷികവും ലഭിക്കും.
ശൈശവ വിവാഹം തടയുന്നതിനായി സംസ്ഥാന സർക്കാരും വനിതാ ശിശു വികസന വകുപ്പും ചേർന്ന് ആരംഭിച്ച പദ്ധതിയാണ് പൊൻ വാക്ക്. പൊതുജന പങ്കാളിത്തത്തോടെ ശൈശവ വിവാഹം നിരോധിക്കുകയാണ് ലക്ഷ്യം.
വിവരം നൽകുന്ന വ്യക്തിയുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. വിവരങ്ങൾ അറിയിക്കാം-ഇമെയിൽ – ktmponvakk05@gmail.com, ഫോൺ -0481 2961272, 9188969205.