കോട്ടയം: ഏപ്രിൽ 26നു നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് കോട്ടയം ലോക്‌സഭ മണ്ഡലം സജ്ജമെന്നു ജില്ലാതെരഞ്ഞെടുപ്പ് ഓഫീസറും കോട്ടയം ലോക്‌സഭ മണ്ഡലത്തിലെ വരണാധികാരിയുമായ ജില്ലാ കളക്ടർ വി. വിഗ്നേശ്വരിയും ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കും അറിയിച്ചു.
സുതാര്യവും നീതിപൂർവവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാനുള്ള എല്ലാ നടപടികളും ഒരുക്കങ്ങളും പൂർത്തിയാക്കിയിട്ടുണ്ടെന്നും വാർത്താ സമ്മേളനത്തിൽ അവർ അറിയിച്ചു.
ഏപ്രിൽ 26ന് രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്.
14 സ്ഥാനാർഥികളാണ് കോട്ടയം ലോക്‌സഭ മണ്ഡലത്തിൽ മത്സരരംഗത്തുള്ളത്. മണ്ഡലത്തിൽ 12,54,823 വോട്ടർമാരുണ്ട്; 6,47,306 സ്ത്രീകളും 6,07,502 പുരുഷൻമാരും 15 ട്രാൻസ്ജെൻഡറും. വോട്ടർമാരിൽ 51.58 ശതമാനം സ്ത്രീകളാണ്. പുരുഷന്മാർ 48.41 ശതമാനവും. മണ്ഡലത്തിൽ 1198 പോളിങ് സ്‌റ്റേഷനുകളാണുള്ളത്.
തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും നിർഭയമായി സമ്മതിദാന അവകാശം ഉറപ്പുവരുത്തുന്നതിനും തെരഞ്ഞെടുപ്പ് കമ്മീഷൻ പൊതുനിരീക്ഷകരെയും ചെലവ് നിരീക്ഷകനെയും പൊലീസ് നിരീക്ഷകനെയും നിയോഗിച്ചിട്ടുണ്ട്. ഹരിതചട്ടം പാലിച്ചാണ് തെരഞ്ഞെടുപ്പ് നടക്കുക.
പോളിങ് സ്‌റ്റേഷനുകൾ നിയമസഭ മണ്ഡലം തിരിച്ച് ചുവടെ:
പാലാ- 176, കടുത്തുരുത്തി-179, വൈക്കം-159, ഏറ്റുമാനൂർ-165, കോട്ടയം-171, പുതുപ്പള്ളി-182, പിറവം-166, ചങ്ങനാശേരി (മാവേലിക്കര ലോക്‌സഭ മണ്ഡലം)-172, കാഞ്ഞിരപ്പള്ളി (പത്തനംതിട്ട ലോക്‌സഭ മണ്ഡലം)-181, പൂഞ്ഞാർ (പത്തനംതിട്ട ലോക്‌സഭ മണ്ഡലം)-179.