Erattupetta News

പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിഞ്ഞാൽ പിടിവീഴും; ഈരാറ്റുപേട്ടയിൽ ഇന്നുമുതൽ നൈറ്റ്‌ സ്‌ക്വാഡ് നിരീക്ഷണം

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട മുൻസിപ്പാലിറ്റി പരിധിയിൽ ഗാർഹിക/സ്ഥാപനതലത്തിലുള്ള നിലവിലെ ജൈവമാലിന്യ സംസ്‌ക്കരണ സംവിധാനങ്ങളുടെ വിവരശേഖരണം നടത്തുകയും, പ്ലാസ്റ്റിക് കവറുകൾ കഴുകി ഉണക്കി ഹരിതകർമസേനക്ക് നൽകണമെന്ന് നിർദേശിക്കുകയും ചെയ്തു.

പക്ഷെ, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി റോഡ് സൈഡിൽ ചിലർ മാലിന്യം തള്ളുന്നുണ്ട്. അതിനാൽ ഇന്ന് രാത്രിമുതൽ നൈറ്റ് സ്‌ക്വാഡ് പ്രവർത്തിക്കും എന്നും, പിടിക്കപ്പെട്ടാൽ കേസെടുക്കുമെന്നും, പിഴ കൊടുക്കേണ്ടിവരുമെന്നും ഈരാറ്റുപേട്ട മുൻസിപ്പൽ സെക്രട്ടറി അറിയിച്ചു. മാലിന്യം തള്ളുന്നവരുടെ ഫോട്ടോയും,വിഡിയോയും പത്രങ്ങളിലും, സമൂഹമാധ്യമങ്ങളിലും പ്രചരിപ്പിക്കുമെന്നും ഈരാറ്റുപേട്ട മുൻസിപ്പൽ സെക്രട്ടറി മുന്നറിയിപ്പ് നൽകി.

അതേസമയം, മഴക്കാലപൂർവ വലിച്ചെറിയൽമുക്ത കാമ്പയിൻ ‘വൃത്തി’ ജില്ലയിൽ തുടക്കം കുറിച്ചിരിക്കുകയാണ്. ‘വൃത്തി’ ആപ്പ് മുഖേന ജില്ലയിലെ ശുചിത്വ മേഖലയുമായി ബന്ധപ്പെട്ട സംവിധാനങ്ങൾ, നിയമങ്ങൾ സംബന്ധിച്ചുള്ള ബോധവത്ക്കരണ ലീഫ്ലെറ്റുകൾ എന്നിവ വിതരണം ചെയ്യും.

ഹരിതകർമ്മസേനയുടെ പ്രവർത്തനം പൂർണമായും വീടുകളിലും സ്ഥാപനങ്ങളിലും എത്തിക്കുക, നിലവിലെ പൊതു ഖരദ്രവമാലിന്യ സംസ്‌ക്കരണ സംവിധാനങ്ങൾ, പൊതുശൗചാലയങ്ങൾ പ്രവർത്തനക്ഷമമാക്കുക, പൊതുസ്ഥലങ്ങളിലെയും ജലാശയങ്ങളിലെയും മാലിന്യം നീക്കം ചെയ്ത് വൃത്തിയാക്കുക, മാലിന്യ സംസ്‌ക്കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ കണ്ടെത്തി നടപടി സ്വീകരിക്കാനുള്ള ശുചിത്വ എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് പരിശോധന എന്നിവ കാമ്പയിന്റെ ഭാഗമായി ജില്ലയിൽ നടപ്പാക്കും.

Leave a Reply

Your email address will not be published.