ഇസ്രായേലിൽ പോയി മുങ്ങിയ കർഷകൻ ഓരോ മലയാളിയുടെയും പ്രതീകമാണ്. ഒരു അവസരം കിട്ടിയാൽ കേരളത്തിൽ നിന്ന് ഓടി രക്ഷപ്പെടാൻ നിൽക്കുന്ന ഓരോ മലയാളിയുടെയും, കർഷകന്റെയും പ്രതീകമാണെന്ന് അഡ്വ. ഷോൺ ജോർജ് ഫേസ്ബുക് പോസ്റ്റിലൂടെ വിമർശിച്ചു.
ആധുനിക കൃഷി രീതികള്‍ നേരിട്ട് കണ്ട് പഠിക്കാൻ കൃഷി വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി ഡോ. ബി അശോകിന്‍റെ നേതൃത്വത്തില്‍ 27 കര്‍ഷകരാണ് ഈ മാസം 12 ന് ഇസ്രായേലിലേക്ക് പോയത്. ഇവരില്‍ കണ്ണൂര്‍ സ്വദേശിയായ ബിജു കുര്യൻ (48) എന്ന കര്‍ഷകൻ വ്യാഴാഴ്ച്ച സംഘത്തില്‍ നിന്നും മുങ്ങിയിരുന്നു.


തിരച്ചിലിനിടെ ബിജു കുര്യൻ വീട്ടിലേക്ക് വിളിച്ച് താൻ സുരക്ഷിതനാണെന്നും അന്വേഷിക്കേണ്ടെന്നും അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ബിജു കുര്യനില്ലാതെയാണ് ഇന്നലെ കര്‍ഷക സംഘം മടങ്ങിഎത്തിയത്. ബിജുവിന്‍റെ വിസയ്ക്ക് മെയ് 8 വരെ കാലാവധിയുണ്ടെങ്കിലും സംഘത്തില്‍ നിന്ന് മുങ്ങിയതിനെതിരെ സര്‍ക്കാര്‍ നിയമ നടപടികളുമായി മുന്നോട്ട് പോവുകയാണ്.


സംഭവത്തില്‍ ഇസ്രായേൽ പൊലീസിലും എംബസിയിലും ബി അശോക് പരാതി നൽകി. ബിജുവിന് അപകടം ഒന്നും സംഭവിച്ചിട്ടില്ലെന്നാണ് വിവരമെന്ന് കൃഷി മന്ത്രി ഇന്നലെ അറിയിച്ചിരുന്നു.