erattupetta

ഒറ്റച്ചക്ര സൈക്കിളിൽ കേരളയാത്ര; ലഹരിവിരുദ്ധ സന്ദേശവുമായി യുവാവ്

ലഹരിയുടെ പിടിയിൽ നിന്ന് പുതുതല മുറയെ മോചിപ്പിക്കണമെന്ന സന്ദേശവുമായി ഒറ്റച്ചക്ര യുണിക് സൈക്കിളിൽ കേരളം ചുറ്റുന്ന പാറശാല സ്വദേശി എ. അബി ഈരാറ്റുപേട്ടയിലെത്തി. കഴിഞ്ഞ മേയ് 31ന് പാറശാലയിൽ നിന്ന് ആരംഭിച്ച യാത്ര ഇതിനോടകം നാല് ജില്ലകൾ പിന്നിട്ട് മുന്നേറുകയാണ്.

ബി. ബി.എ പഠനം പൂർത്തിയാക്കിയ 20കാരനായ അബിയുടെ ലക്ഷ്യം കേരളത്തിലെ 14 ജില്ലകളിലും എത്തി ലഹരിവിരുദ്ധ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുകയാണ്. യാത്രയ്ക്കിടെ വിവിധ പ്രദേശങ്ങളിലെ ആളുകളുമായി ആശയവിനിമയം നടത്തുകയും യുവാക്കളെ ബോധവത്കരിക്കുകയും ചെയ്യുന്നുണ്ട്.

യാത്രയ്ക്കാവശ്യമായ ചെലവുകളും വിശ്രമത്തിനുള്ള സൗകര്യങ്ങളും വഴിയരികിൽ പരിചയപ്പെടുന്നവരുടെ സഹകരണത്തോടെ യാണ് കണ്ടെത്തുന്നത്. കോട്ടയം ജില്ലയിലുടെയുള്ള യാത്ര പൂർത്തിയാക്കി വാഗമൺ വഴി ഇടുക്കി ജില്ലയിലേക്കാണ് അബി കടക്കുന്നത്.

പാറശാല മുതൽ കാസർകോട് വരെ ഒറ്റച്ചക്ര സൈക്കിളിൽ സഞ്ചരിച്ച് ലഹരിവിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്ന ഈ ദൗത്യത്തിന് വിവിധ ഇടങ്ങളിൽ നിന്ന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്. കേരളത്തിലെ 14 ജില്ലകളിലും സന്ദേശവുമായി എത്തി യാത്ര വിജയകരമായി പൂർത്തിയാക്കുകയാണ് അബിയുടെ ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *