Main News

കൊടുംചൂടിൽ അതീവ ജാ​ഗ്രത വേണം; പൊതുയിടങ്ങളിൽ വെള്ളം, ഒ ആർ എസ്; ഉന്നതതല യോഗത്തിൽ തീരുമാനം

സം​സ്ഥാ​ന​ത്ത് കൊ​ടും​ചൂ​ട് തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​തീ​വ ജാ​ഗ്ര​ത വേ​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഉ​ഷ്ണ​ത​രം​ഗം മൂ​ല​മു​ള്ള പ്ര​ശ്‌​ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​ൻ വി​ളി​ച്ച ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശം. ‌‌

പൊതു ഇടങ്ങളില്‍ ആവശ്യത്തിന് വെള്ളം, ഒആര്‍എസ്, സൂര്യാഘാത പ്രഥമശുശ്രൂഷ സൗകര്യങ്ങള്‍ എന്നിവ ഒരുക്കും. അംഗനവാടികളിലും സ്കൂളുകളിലും കൂൾ റൂഫ് ഒരുക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

ട്രാഫിക്ക് സിഗ്നലുകളുടെ സമയം കുറയ്ക്കുന്നത് പരിശോധിക്കണം. തദ്ദേശ സ്ഥാപനങ്ങൾ ഹീറ്റ് ആക്ഷൻ പ്ലാൻ തയാറാക്കി നടപ്പാക്കണം. തദ്ദേശ സ്ഥാപനങ്ങൾക്ക് തുക അനുവദിക്കണം. കുടിവെള്ളത്തിന് ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിൽ വാട്ടർ അതോറിറ്റി അടിയന്തരമായി ഇടപെടണമെന്നും പൊതു ഇടങ്ങളിൽ വെള്ളം, ഒആർഎസ് എന്നിവ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സൂര്യാഘാത പ്രഥമ ശുശ്രൂഷയും പൊതു ഇടങ്ങളിൽ വഴിയോരങ്ങൾ, ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ, ഓട്ടോ ടാക്സി സ്റ്റാൻഡുകൾ എന്നിവിടങ്ങളിൽ തണ്ണീർപന്തലുകളും സജ്ജമാക്കും. മഴവെള്ള സംഭരണം എല്ലായിടങ്ങളിലും ഉറപ്പാക്കാനും യോ​ഗത്തിൽ മുഖ്യമന്ത്രി നിർദ്ദേശം നൽകി. ആരോഗ്യ സ്ഥാപനങ്ങളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഹീറ്റ് റെസിലിയൻ്റ് ആക്കും. ഇഴജന്തുക്കൾക്കെതിരെ ജാഗ്രത പാലിക്കണം. മതിയായ ആൻറി വെനം ആശുപത്രികളിൽ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ന് 11 മണിക്ക് ഓൺലൈനായാണ് യോഗം ചേർന്നത്. മന്ത്രിമാരും ചീഫ് സെക്രട്ടറിയും ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. വിവിധ ജില്ലകളിലെ ഉഷ്ണതരംഗ സാഹചര്യവും ആവശ്യമായ നടപടികളും യോഗം ചർച്ച ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *