കോട്ടയം : മെഡിക്കൽ കോളേജ് മുൻ പ്രിന്‍സിപ്പൽ ഡോ.ആർ.വി.ജയകുമാറിന്റെ വീട്ടിൽ നിർത്തിയിട്ടിരുന്ന കാർ കത്തിനശിച്ച നിലയിൽ. വീട്ടിലെ മുൻ ജീവനക്കാരൻ ചെല്ലപ്പനെ (88) ഗുരുതരമായി പരുക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം.
ഡോക്ടറുടെ മുൻ സഹായിയായ കുമരകം ചെങ്ങളം സ്വദേശി ചെല്ലപ്പൻ കാറിൽ ചാരി നിന്നാണ് പെട്രോൾ ഒഴിച്ചത്. ഇത് ഡോക്ടറും മുറ്റം തൂക്കുന്നയാളും കണ്ടു. ഇയാൾക്ക് 95 ശതമാനം പൊള്ളലേറ്റു.
മെഡിക്കൽ കോളജിനു സമീപത്താണ് ജയകുമാറിന്റെ വീട്. ചെല്ലപ്പനെ ഒരു മാസം മുൻപ് ജോലിയിൽനിന്ന് പുറത്താക്കിയിരുന്നു. രാവിലെ ഏഴരയോടെ കാറിൽ പെട്രോൾ ഒഴിച്ചശേഷം തീയിടുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. പെട്രോൾ പമ്പിൽ നിന്ന് ഫയർ എക്സ്റ്റിങ്ഗ്യൂഷർ കൊണ്ടുവന്നാണ് തീ കെടുത്തിയത്.
സംഭവസമയത്ത് ജയകുമാറും കുടുംബവും വീട്ടിലുണ്ടായിരുന്നു. ആർക്കും പരുക്കില്ല. വീടിന്റെ ചില്ലുകൾ തകർന്നു. ഗാന്ധിനഗർ പൊലീസ് അന്വേഷണം ആരംഭിച്ചു.





