പൂഞ്ഞാർ: പോളിങ് ബൂത്തിനടുത്ത് ഫ്ലെക്സ് ബോർഡുകൾ വെച്ചതുമായി ബന്ധപ്പെട്ട് എൽഡിഎഫ് സ്ഥാനാർഥി സെബാസ്റ്റ്യൻ കുളത്തുങ്കലും പൊലീസും തമ്മിൽ വാക്കുതർക്കം. കൂവപ്പള്ളി സെന്റ് ജോസഫ് സ്കൂളിനു സമീപം എൽഡിഎഫ് ബൂത്ത് കമ്മിറ്റി ഓഫീസ് സ്ഥാപിച്ചതും ഫ്ലെക്സ് ബോർഡുകൾ വെച്ചതുമായി ബന്ധപ്പെട്ടാണ് തർക്കം ഉണ്ടായത്.
100 മീറ്റർ നിശ്ചിത ദൂരപരിധി ലംഘിച്ചുവെന്ന് ആരോപിച്ച് പോലീസ് ബൂത്ത് ഓഫീസ് അവിടെനിന്ന് മാറ്റാൻ ശ്രമിച്ചതാണ് സംഘർഷത്തിന് കാരണമായത്. എംഎൽഎയുടെ വീടും ഈ വാർഡിലാണ്.
തന്റെ റാങ്ക് ഡിജിപിക്ക് മുകളിലാണെന്നും തിരഞ്ഞെടുപ്പ് ഇന്നത്തോടെ അവസാനിക്കുമെന്നും എംഎൽഎ ഭീഷണി മുഴക്കി. ‘എടോ’ എന്ന് വിളിച്ചാണ് പൊലീസ് ഉദ്യോഗസ്ഥനോട് എംഎൽഎ സംസാരിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പകർത്തിക്കൊള്ളാനും അദ്ദേഹം വെല്ലുവിളിച്ചു.
കഴിഞ്ഞ 35 വർഷമായി പൊതുരംഗത്ത് സജീവമാണെന്നും നിലവിലെ നിയമസഭയുടെ കാലാവധി അവസാനിക്കുന്ന മെയ് 20 വരെ താൻ തന്നെയാണ് ഇവിടുത്തെ എംഎൽഎ എന്നും പൊലീസിനോട് പറയുന്നുണ്ട്. നിയമം തെറ്റിച്ചതിനെ തുടർന്നാണ് ഈ നടപടിയെന്നും അങ്ങനെ പേടിച്ചൊന്നുമല്ല ജീവിക്കുന്നതെന്നും പൊലീസ് ഉദ്യോഗസ്ഥൻ എംഎൽഎയോട് മറുപടി പറയുന്നതും ദൃശ്യങ്ങളിലുണ്ട്.





