erattupetta

ശുചിത്വത്തിന് ഈരാറ്റുപേട്ടയിൽ 1600 വിദ്യാർത്ഥികൾ ജനപ്രതിനിധികളോട് സംവദിക്കും

ഈരാറ്റുപേട്ട : ഈ മാസം 14 ന് ശിശുദിനത്തിൽ ഈരാറ്റുപേട്ട നഗരസഭയിലും ബ്ലോക്ക്‌ പരിധിയിലെ പഞ്ചായത്തുകളിലുമായി ഒരേ സമയം 800 വിദ്യാർത്ഥികളും 800 വിദ്യാർത്ഥിനികളും ഉൾപ്പടെ 1600 കുട്ടികൾ ശുചിത്വ മാലിന്യ സംസ്കരണ വിഷയത്തിൽ പഞ്ചായത്ത്‌, നഗരസഭ ജനപ്രതിനിധികളുമായി നേരിട്ട് സംവാദം നടത്തും.

മാലിന്യ മുക്തം നവ കേരളം ക്യാമ്പയിൻ ഭാഗമായി ശിശുദിനത്തിൽ നടത്തുന്ന കുട്ടികളുടെ ഹരിത സഭകളിൽ ആണ് സംവാദം നടക്കുക. സ്‌കൂളിലെയും തദ്ദേശ സ്ഥാപനത്തിലെയും മാലിന്യ സംസ്ക്കരണ പ്രവർത്തനങ്ങളുടെ തൽസ്ഥിതി സംബന്ധിച്ച് ഓരോ സ്‌കൂളിനെയും പ്രതിനിധീകരിച്ച് വിദ്യാർത്ഥികൾ റിപ്പോർട്ട് അവതരിപ്പിച്ച ശേഷമാണ് ജനപ്രതിനിധികളുമായി സംവദിക്കുക.

കുട്ടികൾ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് ജനപ്രതിനിധികൾ മറുപടി നൽകണം. നടപ്പിലാക്കേണ്ട ശുചിത്വ പദ്ധതികൾ, കുട്ടികളുടെ ആശയങ്ങൾ എന്നിവ അടിസ്ഥാനമാക്കി ഹരിത സഭയ്ക്ക് ശേഷം അടുത്ത ദിവസം വിദ്യാർത്ഥികളുടെ പ്രതിനിധി സംഘം തദ്ദേശ സ്ഥാപന ഓഫിസിലെത്തി ഹരിത സഭയുടെ സംക്ഷിപ്ത റിപ്പോർട്ട് സമർപ്പിക്കും.

ഇത് പ്രത്യേക അജണ്ടയാക്കി തദ്ദേശ സ്ഥാപന തല ഭരണസമിതി ചേർന്ന് തീരുമാനം എടുക്കണം. കുട്ടികളുടെ മാത്രം ചുമതലയിൽ ആണ് ഹരിത സഭ നടത്തുന്നത്. ക്ഷണിതാക്കളായി പൗര പ്രമുഖർക്കും ജനങ്ങൾക്കും പങ്കെടുക്കാം.

ഹരിത സഭകൾ സംഘടിപ്പിക്കുന്നതിന്റെ ഏകോപനത്തിനും മുന്നൊരുക്കത്തിനുമായി ബ്ലോക്ക്‌ പഞ്ചായത്ത്‌ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. നഗരസഭയിൽ എട്ടിന് മുന്നൊരുക്ക യോഗം ചെയർപേഴ്സൺ സുഹ്‌റ അബ്ദുൽ ഖാദർ വിളിച്ചു ചേർത്തിട്ടുണ്ട്.

ബ്ലോക്ക്‌ പഞ്ചായത്ത്‌ ഹാളിൽ നടന്ന മുന്നൊരുക്ക അവലോകന യോഗത്തിൽ ബ്ലോക്ക്‌ വൈസ് പ്രസിഡന്റ് കുര്യൻ തോമസ് അധ്യക്ഷത വഹിച്ചു. തലപ്പലം പഞ്ചായത്ത്‌ പ്രസിഡന്റ് എൽസമ്മ തോമസ്, ഈരാറ്റുപേട്ട വിദ്യാഭ്യാസ ഉപ ജില്ലാ ഓഫിസർ ഷംല ബീവി എന്നിവർ മുഖ്യ പ്രഭാഷണം നടത്തി.

ബ്ലോക്ക്‌ പഞ്ചായത്ത്‌ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി അധ്യക്ഷൻ അജിത് കുമാർ, ബ്ലോക്ക്‌ അംഗങ്ങളായ ഓമന ഗോപാലൻ, ബിന്ദു സെബാസ്റ്റ്യൻ, ആർ. ശ്രീകല, വിവിധ പഞ്ചായത്ത്‌ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി അധ്യക്ഷരായ ഇ കെ കൃഷ്ണൻ മൂന്നിലവ്, കെ ആർ അനുരാഗ് മേലുകാവ്, ജോസ് ജോർജ് തിടനാട്, ലിസമ്മ സണ്ണി പൂഞ്ഞാർ, ആശാ റിജി തലനാട്, ജനറൽ എക്സ്റ്റൻഷൻ ഓഫിസർ എ എൻ സജീവ്, ബ്ലോക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറി ബാബുരാജ്, പഞ്ചായത്ത്‌ സെക്രട്ടറിമാരായ സജേഷ്, സെബാസ്റ്റ്യൻ, അദ്ധ്യാപകരായ എം അനീസ, ബിന്ദു സൂസൻ ജേക്കബ്, എൻ കെ സജിമോൾ, പി ജയമോൾ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ അബ്ദുൽ മുത്തലിബ് വിഷയാവതരണം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *