തീക്കോയി: കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തീക്കോയി വില്ലേജിനെ പരിസ്ഥിതി ലോല പ്രദേശം (ഇ.എസ്.എ) ആക്കി കൊണ്ടുള്ള കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനം സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനുവേണ്ടി ഗ്രാമപഞ്ചായത്ത് വിളിച്ചുചേർത്ത ‘വിശേഷാൽ ഗ്രാമസഭ ‘ വൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
2014-ൽ ഉമ്മൻചാണ്ടി സർക്കാർ നിയോഗിച്ച ഡോ. ഉമ്മൻ വി ഉമ്മൻ ന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയും, വില്ലേജ് അടിസ്ഥാനത്തിൽ പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, വില്ലേജ് ഓഫീസർ,
കൃഷി ഓഫീസർ, ഫോറസ്റ്റ് റേഞ്ച് ഓഫീസർ എന്നിവരടങ്ങിയ അഞ്ചംഗ സമിതിയും, തീക്കോയി വില്ലേജിൽ സംരക്ഷിക്കപ്പെടേണ്ട പ്രദേശങ്ങളോ, കാവുകളോ, മൊട്ടകുന്നുകളോ, പുൽമേടുകളോ, കസ്തൂരിരംഗൻ റിപ്പോർട്ടിൽ പ്രതിപാദിച്ചിരിക്കുന്ന പ്രകൃത്യാ ഉള്ള ഭൂമിയോ കണ്ടെത്തിയിട്ടില്ലാത്തതാണ്.
വില്ലേജിലെ ആകെ ഭൂമിയിൽ 463. 66ഹെക്ടർ (13.70%) ജനവാസ മേഖലയും, 2544. 6 9 4 8 ഹെക്ടർ (75.49 %) കൃഷി സ്ഥലങ്ങളും, തോട്ടങ്ങളും ആണ്. ബാക്കിയുള്ള സ്ഥലത്തിൽ 269.6 2 3 ഹെക്ടർ (7.97%) സർക്കാർ വക തരിശുഭൂമിയും മിച്ചഭൂമിയും ആണ്.
തീക്കോയി വില്ലേജിന്റെ 89.18 % സ്ഥലവും കസ്തൂരിരംഗൻ റിപ്പോർട്ടിൽ പ്രതിപാദിച്ചിരിക്കുന്ന ആവാസ മേഖലകളാണ്. മാത്രവുമല്ല 01-01-1977 ന് മുമ്പ് പട്ടയം സിദ്ധിച്ചിട്ടുള്ള തീറാധാര ഭൂമിയുമാണ് തീക്കോയി വില്ലേജിൽ ഉള്ളത്.
ഈ വസ്തുതകൾ കണക്കാക്കിക്കൊണ്ട് മുൻഗവൺമെന്റ് കോട്ടയം ജില്ലയിലെ തീക്കോയി, മേലുകാവ്, പൂഞ്ഞാർ തെക്കേക്കര, കൂട്ടിക്കൽ എന്നീ നാലു വില്ലേജുകളെ പരിസ്ഥിതി ലോല മേഖലകളിൽ നിന്നും പൂർണമായും ഒഴിവാക്കിക്കൊണ്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് റിപ്പോർട്ട് നൽകിയിട്ടുള്ളതുമാണ്.
ഈ സാഹചര്യങ്ങൾ കണക്കിലെടുത്തുകൊണ്ട് തീക്കോയി വില്ലേജിനെ പരിസ്ഥിതി ലോല പ്രദേശത്തുനിന്നും പൂർണമായും ഒഴിവാക്കണമെന്ന് കേരള സർക്കാരിനോടും, കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിനോടും അഭ്യർത്ഥിച്ചുകൊണ്ട് ‘ വിശേഷാൽ ഗ്രാമസഭ’യിൽ ഏകകണ്ഠമായി പ്രമേയം പാസാക്കി.
വിശദമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മെമ്മോറാണ്ടം തയ്യാറാക്കി കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് സമർപ്പിക്കുന്നതിനും തീരുമാനിച്ചു. വിശേഷാൽ ഗ്രാമസഭയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസ് അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് മാജിതോമസ് പ്രമേയം അവതരിപ്പിച്ചു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഓമന ഗോപാലൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ മോഹനൻ കുട്ടപ്പൻ, ബിനോയ് ജോസഫ്, ജയറാണി തോമസുകുട്ടി, മെമ്പർമാരായ സിറിൽ റോയ്, സിബി രഘുനാഥൻ, മാളു ബി മുരുകൻ,രതീഷ് പി എസ്,ദീപാ സജി, നജീമ പരിക്കോച്ച്,സെക്രട്ടറി സുരേഷ് സാമുവൽ, ജനകീയ കമ്മിറ്റി അംഗങ്ങളായ സാജു പുല്ലാട്ട്, പയസ് കവളംമാക്കൽ,എം ഐ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.