സംസ്ഥാനത്ത് ഓൾ പാസ് രീതിയിൽ മാറ്റം. 8, 9, 10 ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് ഇനി പരീക്ഷ ജയിക്കണം. സ്കൂൾ തലത്തിലുള്ള വാർഷിക പരീക്ഷയാണ് വിജയിക്കേണ്ടത്. ഓരോ വിഷയത്തിനും ജയിക്കാൻ കുറഞ്ഞ മാർക്ക് നിർബന്ധമാക്കും. വിദ്യാഭ്യാസ കോൺക്ലേവിലെ ശിപാർശ മന്ത്രിസഭാ യോഗം അംഗീകരിച്ചു.
എസ്.എസ്.എൽ.സിക്ക് വിജയിക്കാൻ മിനിമം മാർക്ക് നിർബന്ധമാക്കി. ഓരോ വിഷയത്തിനും 30 ശതമാനം മാർക്ക് വേണം. ഈ വർഷം മുതൽ എട്ടാം ക്ലാസിലും അടുത്ത വർഷം ഒൻപതാം ക്ലാസിലും ഇതു നടപ്പാക്കും.
നേരത്തെ സംസ്ഥാനത്ത് സ്കൂൾ സമയം രാവിലെ എട്ടുമുതൽ ഉച്ചയ്ക്ക് ഒരുമണിവരെയാക്കി മാറ്റണമെന്ന് ഖാദർ കമ്മിറ്റി റിപ്പോർട്ടിൽ ശുപാർശ ഉണ്ടായിരുന്നു. ഇത് മന്ത്രി സഭ അംഗീകരിക്കുകയും ചെയ്തിരുന്നു.
കേന്ദ്രീയവിദ്യാലയങ്ങളിലും ദേശീയ സിലബസനുസരിച്ചുള്ള സ്കൂളുകളിലും നിലവിൽ രാവിലെ ഏഴരയ്ക്കും എട്ടരയ്ക്കുമാണ് പഠനം തുടങ്ങുന്നതെന്ന് സമിതി ചൂണ്ടിക്കാട്ടി. കേരളത്തിൽ കുട്ടികളുടെ സമഗ്രവികസനം ലക്ഷ്യമാക്കി നിലവിലെ പഠനസമയം ക്രമീകരിക്കണം.പ്രീ സ്കൂളിൽ 25, ഒന്നുമുതൽ 12 വരെയുള്ള ക്ലാസുകളിൽ 35 എന്നിങ്ങനെ കുട്ടികളുടെയെണ്ണം കുറയ്ക്കാനും നിർദേശിച്ചിരുന്നു.