kottayam

ഒരുക്കങ്ങൾ പൂർണ്ണം; ഫലമറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി

കോട്ടയം :ജില്ലയിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർകൂടിയായ ജില്ലാ കളക്ടർ ചേതൻകുമാർ മീണ അറിയിച്ചു. വോട്ടെണ്ണൽ മെയ് നാലിന് രാവിലെ എട്ടിന് ആരംഭിക്കും. അഞ്ചു കേന്ദ്രങ്ങളിലായാണ് ഒൻപത് നിയോജക മണ്ഡലങ്ങളിലെ വോട്ടുകൾ എണ്ണുക.

രാവിലെ ഏഴരയോടെ സ്ഥാനാർഥികളുടെയോ അവരുടെ അംഗീകൃത പ്രതിനിധികളുടെയോ സാന്നിധ്യത്തിൽ സ്‌ട്രോംഗ് റൂം തുറക്കും. തുടർന്ന് എട്ടു മണിയോടെ വോട്ടെണ്ണൽ ആരംഭിക്കും. ആദ്യം പോസ്റ്റൽ ബാലറ്റുകളാണ് എണ്ണുക. 8.30ന് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടുകളും എണ്ണിത്തുടങ്ങും.

പത്തുമണിയോടെ ആദ്യ ഫലസൂചനകൾ അറിയാം. പോസ്റ്റൽ ബാലറ്റുകൾ എണ്ണിത്തീർന്ന ശേഷമേ ഇ.വി.എമ്മുകളിലെ അവസാന രണ്ട് റൗണ്ടുകൾ എണ്ണുകയുള്ളൂ. തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച നിരീക്ഷകരുടെയും സ്ഥാനാർഥികളുടെ പ്രതിനിധികളുടെയും സാന്നിധ്യത്തിൽ വോട്ടെണ്ണലിന് നേതൃത്വം നൽകുന്നത് റിട്ടേണിംഗ് ഓഫീസർമാരാണ്.

​ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളും വോട്ടെണ്ണൽ കേന്ദ്രങ്ങളും :

1.പാലാ, കടുത്തുരുത്തി -കാർമൽ പബ്ലിക് സ്‌കൂൾ പാലാ.
2.ചങ്ങനാശേരി, പുതുപ്പള്ളി – എസ്.ബി ഹയർ സെക്കൻഡറി സ്‌കൂൾ, ചങ്ങനാശേരി
3.ഏറ്റുമാനൂർ, കോട്ടയം – എം.ഡി. സെമിനാരി ഹയർ സെക്കൻഡറി സ്‌കൂൾ, കോട്ടയം
4.പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി -സെൻറ് ജോർജ് കോളജ്, അരുവിത്തുറ.
5.വൈക്കം – ബസേലിയോസ് കോളജ്, കോട്ടയം

വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടെണ്ണലിന് 126 മേശകൾ

ജില്ലയിലെ ഒൻപതു മണ്ഡലങ്ങളിലെയും വോട്ടിംഗ് മെഷീനുകളിലെ വോട്ടുകൾ എണ്ണുന്നതിന് ആകെ 126 മേശകളാണ് ക്രമീകരിച്ചിട്ടുള്ളത്. തപാൽ വോട്ടുകൾ എണ്ണുന്നതിന് 54 മേശകളുണ്ട്. ഇ.ടി.പി.ബി.എസ് (ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റ് മാനേജ്മെന്റ് സിസ്റ്റം) മുഖേനയുള്ള വോട്ടുകൾ എണ്ണുന്നതിന് ഓരോ ടേബിളുകൾ വീതമാണുള്ളത്.

സൈനിക, അർധ സൈനിക വിഭാഗങ്ങളിൽ ജോലി ചെയ്യുന്ന സർവീസ് വോട്ടർമാരുടെ വോട്ടാണ് ഇ.ടി.പി.ബി.എസ് സംവിധാനത്തിലുടെ ചെയ്തിട്ടുള്ളത്. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടുകൾ എണ്ണുന്ന ഓരോ മേശയിലും മൈക്രോ ഒബ്സർവർ, കൗണ്ടിംഗ് സൂപ്പർ വൈസർ, കൗണ്ടിംഗ് അസിസ്റ്റൻറ് എന്നിവരുണ്ടാകും. തപാൽ വോട്ടുകൾ എണ്ണുന്നതിന് ഓരോ മേശയിലും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർ, മൈക്രോ ഒബ്സർവർ, കൗണ്ടിംഗ് സൂപ്പർ വൈസർ, രണ്ട് കൗണ്ടിംഗ് അസിസ്റ്റന്ററുമാർ എന്നിവരാണുണ്ടാവുക.

സ്ഥാനാർഥികൾക്ക് ഒരു മേശയിൽ ഒരാൾ എന്ന ക്രമത്തിൽ ഏജൻറുമാരെ നിയോഗിക്കാം. റിട്ടേണിംഗ് ഓഫീസർമാർ നൽകിയിട്ടുള്ള ക്യു.ആർ. കോഡ് പതിപ്പിച്ച തിരിച്ചറിയൽ കാർഡ് ഉള്ളവരെ മാത്രമേ കൗണ്ടിംഗ് ഹാളിലേക്ക് പ്രവേശിപ്പിക്കൂ.

വോട്ടെണ്ണൽ നടക്കുന്ന എല്ലാ മേശകളും കാണത്തക്ക രീതിയിൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഓരോ നിയോജകമണ്ഡലത്തിലെയും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന അഞ്ചുവീതം പോളിംഗ് സ്റ്റേഷനുകളിലെ വി.വി. പാറ്റ് സ്ലിപ്പുകളാണ് എണ്ണുക. നിരീക്ഷകരുടെയും സ്ഥാനാർഥികളുടെ അംഗീകൃത പ്രതിനിധികളുടെയും സാന്നിധ്യത്തിൽ വോട്ടെണ്ണൽ ദിനത്തിൽ നറുക്കെടുപ്പിലൂടെയാണ് ഈ ബൂത്തുകൾ തെരഞ്ഞെടുക്കുക

വോട്ടെണ്ണാൻ 732 ഉദ്യോഗസ്ഥർ:

ജില്ലയിലെ ഒൻപത് മണ്ഡലങ്ങളിലുമായി വോട്ടെണ്ണുന്നതിന് ആകെ 732 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകൾ എണ്ണുന്നതിന് 153 വീതം മൈക്രോ ഓബ്‌സർമാരും കൗണ്ടിംഗ് സൂപ്പർവൈസർമാരും കൗണ്ടിംഗ് അസിസ്റ്റന്റുമാരുമുണ്ട്. ഇതിൽ 20 ശതമാനം ഉദ്യോഗസ്ഥർ റിസർവാണ്. തപാൽ വോട്ടുകൾ എണ്ണുന്നതിന്. തപാൽ വോട്ടുകൾ എണ്ണുന്നതിന് 273 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്.

മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തിൽനിന്നും അംഗീകരിച്ച കൗണ്ടിംഗ് ഉദ്യോഗസ്ഥരുടെ പട്ടികയിൽനിന്നും മൂന്നു തവണ റാൻഡമൈസേഷൻ നടത്തിയാണ് ഓരോ വോട്ടെണ്ണൽ മേശയിലും ഉദ്യോഗസ്ഥരെ നിയോഗിക്കുന്നത്.

വോട്ടെണ്ണലിൽ ഓരോ ഉദ്യോഗസ്ഥരുടെയും ചുമതലയും ഇവരെ നിയോഗിക്കുന്ന മണ്ഡലവും തീരുമാനിക്കുന്ന ആദ്യ രണ്ട് റാൻഡമൈസേഷനുകൾ പൂർത്തിയായി. നാളെ(മെയ് നാല്) രാവിലെ അഞ്ചിന് വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ എത്തുന്ന ഉദ്യോഗസ്ഥരുടെ മേശ തീരുമാനിക്കുന്ന മൂന്നാമത്തെ റാൻഡമൈസേഷൻ കേന്ദ്ര നിരീക്ഷകന്റെ സാന്നിധ്യത്തിൽ വരണാധികാരി നിർവഹിക്കും.

ഓരോ മേശയിലും എത്തിക്കേണ്ട കൺട്രോൾ യൂണിറ്റുകൾ എത് എന്ന് മുൻകൂട്ടി തീരുമാനിച്ച് ചാർട്ട് തയ്യാറാക്കിയിട്ടുണ്ട്. ഈ ചാർട്ട് തിങ്കളാഴ്ച രാവിലെ കൗണ്ടിംഗ് ഏജന്റുമാർക്ക് കൊടുക്കുകയും അതത് മേശകളിൽ പതിക്കുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *