പാലാ: പാലാ ടൗൺ റിംങ് റോഡിൻ്റെ രണ്ടാം ഘട്ടം ആരംഭിക്കുന്നതിനായുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചതായും ഇതിനായുള്ള ഫണ്ട് കേരള ഇൻഫ്രാസ്ട്രച്ചർ ഇൻവെസ്റ്റ്മെൻ്റ് ഫണ്ട് ബോർഡിൽ നിന്നും ലഭ്യമാക്കുന്നതിനും നടപടികൾ നടന്നുവരുന്നതായും ജോസ്.കെ.മാണി എം.പി.അറിയിച്ചു.

മന്ത്രിസഭ അംഗീകരിച്ച് നടപ്പാക്കിയ റിംങ്ങ് റോഡിൻ്റെ ഒന്നാം ഘട്ടം വർഷങ്ങൾക്ക് മുമ്പേ പൂർത്തിയായി എങ്കിലും രണ്ടാം ഘട്ടത്തിനായുള്ള ഭൂമി ഏറ്റെടുക്കലിന് ആവശ്യമായ ഫണ്ട് ലഭ്യമായിരുന്നില്ല.
ഈ സാഹചര്യത്തിലാണ് കിഫ്ബി ഫണ്ട് ലഭ്യമാക്കുന്നതിലേക്ക് മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്ന് ഫണ്ടിനായുള്ള തുടർ നടപടിക്ക് കിഫ്ബി ക്ക് സർക്കാർ നിർദ്ദേശം നൽകിയത്.ഇതേ തുടർന്ന് കിഫ്ബി ഉന്നതതല സംഘം രണ്ടാം ഘട്ട അലൈൻമെൻ്റ് മേഖലയിൽ സന്ദർശനം നടത്തി റിപ്പോർട്ട് സമർപ്പിക്കുകയുണ്ടായി. പുതിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ പുതുക്കിയ ഡി.പി.ആർ തയ്യാറാക്കുവാൻ കിഫ്ബി ഉത്തരവായിട്ടുള്ളതായി ജോസ്.കെ.മാണി പറഞ്ഞു.

പൊൻകുന്നം റോഡിലെ പന്ത്രണ്ടാം മൈലിൽ നിന്നും ആരംഭിച്ച് ഈരാറ്റുപേട്ട റോഡിലെ ചെത്തി മറ്റത്ത് എത്തുo വിധമാണ് രണ്ടാം ഘട്ടത്തിൻ്റെ രൂപരേഖ. 2. 21 കി.മീ. ആകെ ദൂരം വരുന്ന രണ്ടാം ഘട്ടത്തിൻ്റെ 1.920 കി.മീ ഭാഗം കിഫ് ബി ഫണ്ട് വിനിയോഗിച്ച് കേരള റോഡ് ഫണ്ട് ബോർഡ് മുഖേനയും അവശേഷിക്കുന്ന ചെത്തിമറ്റം വരെയുള്ള ഭാഗം പൊതുമരാമത്ത് ഫണ്ട് വിനിയോഗിച്ചും നടപ്പാക്കുവാനാണ് തീരുമാനം.
ടൗൺ റിംങ് റോഡിൻ്റെ രണ്ടാം ഘട്ടം നടപ്പാക്കുന്നതിനായി പാലാ നഗരസഭയും മീനച്ചിൽ പഞ്ചായത്ത് അധികൃതരും തുടർച്ചയായി ആവശ്യപ്പെട്ടു വരികയായിന്നു.