obituary

സാക്ഷരതാ പ്രവർത്തക പത്മശ്രീ ജേതാവ് കെ വി റാബിയ അന്തരിച്ചു

സാക്ഷരതാ പ്രവർത്തക പത്മശ്രീ ജേതാവ് കെ വി റാബിയ വിടവാങ്ങി. മലപ്പുറം തിരൂരങ്ങാടി സ്വദേശിയാണ്. 59 വയസായിരുന്നു. 2022ലാണ് രാജ്യം പത്മശ്രീ നൽകി ആദരിച്ചത്. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു. ശരീരത്തോടൊപ്പം മനസും വീണുപോകുന്ന സാഹചര്യങ്ങളിൽ നിന്നും അതിജീവനത്തിൻ്റെ അമ്പരിപ്പിക്കുന്ന ജീവിതകഥയാണ് റാബിയയുടേത്.

പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് പോളിയോ ബാധിച്ച് അരക്ക് താഴേക്ക് തളർന്ന് പോകുന്നത്. തുടർന്ന് വീൽചെയറിലായിരുന്നു ഇവരുടെ ജീവിതം. തിരൂരങ്ങാടി പിഎസ്എംഒ കോളജിൽ വെച്ചാണ് പ്രീഡിഗ്രി പഠനം നടത്തിയിരുന്നത്.

ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് നിർത്തിയിരുന്നു. പിന്നീട് സജീവമായി സാമൂഹിക വിദ്യാഭ്യാസ മേഖലകളിൽ റാബിയ ഇടപെട്ടു. പോളിയോബാധിതയായി അരക്ക് താഴെ തളർന്നു പോയതിനു പുറമെ കാൻസറിനെയും നട്ടെല്ലിനേറ്റ ക്ഷതത്തേയും അതിജീവിച്ചാണ് റാബിയ കഴിഞ്ഞത്.

അംഗവൈകല്യത്തിന്റെ പരിമിതികളെ മറികടന്ന് 1990 ൽ കേരള സാക്ഷരതാ മിഷന്റെ പ്രവർത്തനരംഗത്ത് മികച്ച പങ്കുവഹിച്ചതിലൂടെയാണ് പൊതുരംഗത്ത് റാബിയ ശ്രദ്ധിക്കപ്പെട്ട് തുടങ്ങുന്നത്. കേരള സർക്കാരിന്റെ സാക്ഷരതാ പ്രവർത്തനങ്ങളുടെ ഭാഗമായി അവർ തന്റെ രീതിയിൽ തിരൂരങ്ങാടയിൽ മുതിർന്നവർക്ക് വേണ്ടിയുള്ള സാക്ഷരതാ പ്രവർത്തനങ്ങൾ ആരംഭിച്ചു. റാബിയയുടെ സാക്ഷരാ പ്രവർത്തനങ്ങൾക്ക് യുഎൻ മികച്ച സാക്ഷരതാ പ്രവർത്തകയ്ക്കുള്ള അവാർഡ് നൽകി ആദരിച്ചു.

റാബിയയുടെ ആത്മകഥയാണ് ‘സ്വപ്നങ്ങൾക്ക് ചിറകുകളുണ്ട്’. 2000 ലാണ് കാൻസർ രോഗം റാബിയയെ പിടികൂടിയത്. മാസങ്ങൾ നീണ്ട ചികിത്സ, കീമോതെറാപ്പി. റാബിയ വീണ്ടും ജീവിതത്തിലേക്ക് തിരികെ എത്തി. റാബിയയുടെ സാമൂഹ്യ സേവനപ്രവർത്തനങ്ങളുടെ മികവിൽ നിരവധി പുരസ്‌കാരങ്ങൾ ഇവരെ തേടിയെത്തിയിരുന്നു.

1993 ൽ നാഷണൽ അവാർഡ്, സംസ്ഥാന സർക്കാറിന്റെ വനിതരരത്നം അവാർഡ്, യുഎൻ ഇന്റർനാഷണൽ അവാർഡ്, മുരിമഠത്തിൽ ബാവ അവാർഡ്, സംസ്ഥാന സാക്ഷരതാ മിഷൻ അവാർഡ്, കണ്ണകി സ്ത്രീശക്തി പുരസ്‌കാരം, സീതി സാഹിബ് അവാർഡ് തുടങ്ങിയവ റാബിയയെ തേടി എത്തിയിട്ടുണ്ട്. മലപ്പുറം തിരൂരങ്ങാടി വെള്ളിലക്കാട് എന്ന ഗ്രാമത്തിൽ 1966 ലാണ് റാബിയ ജനിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *