കോട്ടയം: യൂത്ത് കോൺഗ്രസ് മുൻ ജില്ലാ പ്രസിഡന്റും ഡിസിസി ജനറൽ സെക്രട്ടറിയുമായ ജോബോയ് ജോർജ് (47) കുഴഞ്ഞുവീണു മരിച്ചു.
ഇന്നലെ രാത്രി എട്ടരയോടെ മാർക്കറ്റിലാണ് കുഴഞ്ഞുവീണത്. പച്ചക്കറി വാങ്ങുന്നതിനായി മാർക്കറ്റിൽ എത്തിയതായിരുന്നു. കുഴഞ്ഞുവീഴുന്നതു കണ്ട് സമീപത്തുണ്ടായിരുന്നവർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
കെ എസ് യു മുൻ സംസ്ഥാന ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി, എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. കോട്ടയം ബസേലിസ് കോളേജിലെ കോളേജ് യൂണിയൻ മുൻ ചെയർമാനായിരുന്നു.
കുറുവിലങ്ങാട് പാലയ്ക്കലോടി വീട്ടിൽ പി വി ജോർജിന്റെയും, കുട്ടിയമ്മയുടെയും മകനാണ്. പരിപ്പ് കണ്ടമുണ്ടാരി പുത്തൻപുരയിൽ കവിത എലിസബത്ത് കുര്യനാണ് ഭാര്യ. മക്കൾ: ലെന, ഇവാന, ജുവാൻ ( ലൂർദ് പബ്ലിക് സ്കൂൾ കോട്ടയം ). സഹോദരി :ജോയിസ് വിൻസെന്റ്, ഒറ്റകണ്ടതിൽ, കുറവിലങ്ങാട്.
മൃതദേഹം കാരിത്താസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. നാളെ (ശനി) ഉച്ചകഴിഞ്ഞ് 2ന് കാരിത്താസ് ആശുപത്രിയിൽ നിന്നും മൃതദേഹം ഡിസിസി ഓഫീസിൽ എത്തിക്കും. 2.30 പിഎം മുതൽ 4പിഎം വരെ കോട്ടയം ഡിസിസി ഓഫീസിൽ പൊതുദർശനം. തുടർന്ന് 5 മണിക്ക് കുറവിലങ്ങാട് തോട്ടുവാ ജംഗ്ഷനിലെ കുടുംബവീട്ടിൽ കൊണ്ടുവരും.
സംസ്കാര ശുശ്രൂഷകൾ ഞായറാഴ്ച ഉച്ചയ്ക്ക് 11.30ന് വീട്ടിൽ ആരംഭിക്കും. തുടർന്ന് 12.30 പിഎം ന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത് മറിയം ആർച്ച്ഡീക്കൻ പിൽഗ്രിം ചർച്ച് സെമിത്തേരിയിൽ സംസ്കാരം നടക്കും.