അരുവിത്തുറ : അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നേതൃത്വം നൽകുന്ന എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ കീഴിലുള്ള വിദ്യാഭ്യാസ ഗുണമേന്മാ പദ്ധതിയായ ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്റ്റിന്റെ ആഭിമുഖ്യത്തിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ ഹൈസ്കൂൾ, ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി ഒരു അവധിക്കാല നേതൃപരിശീലന ക്യാമ്പ് നടത്തുന്നു.
അരുവിത്തുറ സെന്റ് ജോർജ് കോളേജ് സെമിനാർ ഹാളിൽ ഏപ്രിൽ 15 ന് ആണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ വിവിധ ഹൈസ്കൂൾ, ഹയർസെക്കൻഡറി സ്കൂളുകളിൽ നിന്നും മാനദണ്ഡങ്ങൾ പ്രകാരം തെരഞ്ഞെടുത്ത 60 കുട്ടികൾക്കാണ് ക്യാമ്പിൽ പ്രവേശനം നൽകിയിരിക്കുന്നത്.
ക്യാമ്പ് തികച്ചും സൗജന്യമാണ്. ക്യാമ്പിൽ കുട്ടികളിലെ നേതൃഗുണങ്ങൾ പരിപോഷിപ്പിക്കുന്നതിന് ആവശ്യമായതും, കുട്ടികൾക്ക് ഉയർന്ന കാഴ്ചപ്പാടുകൾ പകർന്നു നൽകുന്നതുമായ വിവിധ വിഷയങ്ങളെ അധികരിച്ച് പ്രഗൽഭരായ ട്രെയിനർമാരും, അധ്യാപകരും ക്ലാസുകൾ നയിക്കും.
ക്യാമ്പിന്റെ ഔപചാരികമായ ഉദ്ഘാടനം രാവിലെ 10 മണിക്ക് ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്ട് ഡയറക്ടർ ഡോ. ആൻസി ജോസഫിന്റെ അധ്യക്ഷതയിൽ പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണൻ കൂടിയായ ലേബർ ഇന്ത്യ സ്കൂൾ ചെയർമാൻ ജോർജ് കുളങ്ങര നിർവഹിക്കും.
അരുവിത്തുറ സെന്റ് ജോർജ് കോളേജ് ബർസാർ ഫാ. ബിജു കുന്നക്കാട്ട് മുഖ്യപ്രഭാഷണം നടത്തും. ഉച്ചകഴിഞ്ഞ് 4 ന് ചേരുന്ന സമാപന സമ്മേളനത്തിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും സമാപന സന്ദേശം നൽകുകയും ചെയ്യും.
ജോർജ് കരുണയ്ക്കൽ, പ്രൊഫ. ടോമി ചെറിയാൻ, അഭിലാഷ് ജോസഫ്, ഡോ. മാത്യു കണമല എന്നിവർ ക്യാമ്പിൽ ക്ലാസുകൾ നയിക്കും. ഡോ. ആൻസി ജോസഫ്, സുജ എം.ജി, പ്രൊഫ. ബിനോയ് സി. ജോർജ്, എലിസബത്ത് തോമസ്, പി.പി.എം നൗഷാദ്, നോബി ഡൊമിനിക്, പ്രിയാ അഭിലാഷ്, മാർട്ടിൻ ജെയിംസ്, ഖലീൽ മുഹമ്മദ് തുടങ്ങിയ ഫ്യൂച്ചർ സ്റ്റാർസ് എക്സിക്യൂട്ടീവ് അംഗങ്ങൾ ക്യാമ്പിന് നേതൃത്വം നൽകും.