poonjar

ദുരന്തം കാത്തിരുന്ന് നഷ്ടപരിഹാരം നൽകുന്ന സർക്കാരല്ല, ദുരന്തം തടയുന്ന സർക്കാരാണ് വേണ്ടത്: ഷോൺ ജോർജ്

പൂഞ്ഞാർ: 2018 മുതൽ എല്ലാ വർഷവും ആവർത്തിക്കുന്ന പ്രകൃതിദുരന്തങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ സർക്കാർ തയ്യാറാകാത്തത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഷോൺ ജോർജ്. ദുരന്തമുണ്ടായതിന് ശേഷം നഷ്ടപരിഹാരം നൽകുന്നതിൽ മാത്രം സർക്കാർ ഒതുങ്ങാതെ, ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ശാസ്ത്രീയവും ശാശ്വതവുമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പൂഞ്ഞാർ, തീക്കോയി പഞ്ചായത്തുകളിലെ പെരിങ്ങുളം, വേലത്തുശേരി, തുടങ്ങിയ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷമാണ് ഷോൺ ജോർജ് പ്രതികരിച്ചത്.

2018 മുതൽ എല്ലാ വർഷവും കിഴക്കൻ മലയോര മേഖലയിൽ വിവിധ തരത്തിലുള്ള പ്രകൃതിദുരന്തങ്ങൾ ആവർത്തിക്കുന്നുണ്ട്. എന്നാൽ ഈ ദുരന്തങ്ങളുടെ കാരണങ്ങളെക്കുറിച്ച് സമഗ്രമായ പഠനം നടത്തുന്നതിനോ, ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കുന്നതിനുള്ള ശാസ്ത്രീയമായ മുൻകരുതൽ സംവിധാനങ്ങൾ ഒരുക്കുന്നതിനോ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ തയ്യാറായിട്ടില്ല.

കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ ദുരന്തസാധ്യതയുള്ള പ്രദേശങ്ങളെ ശാസ്ത്രീയമായി കണ്ടെത്തി, അവിടെയുള്ള കുടുംബങ്ങളുടെ കൃത്യമായ പട്ടിക തയ്യാറാക്കണം. അടിയന്തര മുന്നറിയിപ്പ് ലഭിക്കുന്ന സാഹചര്യത്തിൽ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കേണ്ട ആളുകളെ മുൻകൂട്ടി കണ്ടെത്തുകയും അതിനുള്ള സ്ഥിരം സംവിധാനമൊരുക്കുകയും വേണം.

സ്ഥിരമായി മാറ്റിപ്പാർപ്പിക്കേണ്ട കുടുംബങ്ങൾക്ക് വീടും സ്ഥലവും ഉൾപ്പെടെയുള്ള പുനരധിവാസ പദ്ധതി സർക്കാർ അടിയന്തരമായി നടപ്പാക്കണം. ഇതുമായി ബന്ധപ്പെട്ട് അർഹരായവരുടെ പട്ടിക തയ്യാറാക്കുന്നതിൽ പോലും കഴിഞ്ഞ ഏഴ്–എട്ട് വർഷമായി സർക്കാർ കാണിക്കുന്ന ഉദാസീനത അങ്ങേയറ്റം പ്രതിഷേധാർഹമാണ്.

മരണം സംഭവിച്ചതിന് ശേഷം നഷ്ടപരിഹാരം നൽകുന്നത് മാത്രമല്ല സർക്കാരിന്റെ ഉത്തരവാദിത്വം. ജനങ്ങളുടെ ജീവൻ നഷ്ടപ്പെടാതിരിക്കാൻ മുൻകൂട്ടി നടപടി സ്വീകരിക്കുകയാണ് സർക്കാരിന്റെ യഥാർത്ഥ ഉത്തരവാദിത്വം. ദുരന്തങ്ങൾ ആവർത്തിക്കുന്ന സാഹചര്യം ഉണ്ടായിട്ടും ഓരോ വർഷവും ദുരന്തം ഉണ്ടായ ശേഷം പ്രതികരിക്കുന്ന രീതിയിൽ നിന്ന് സർക്കാർ മാറണം.

ദുരന്ത മുന്നറിയിപ്പ് സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയും, അപകടസാധ്യതാ മേഖലകളിൽ ശാസ്ത്രീയ പഠനം നടത്തുകയും, അടിയന്തരമായി മാറ്റിപ്പാർപ്പിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കുകയും, സ്ഥിരമായി മാറ്റിപ്പാർപ്പിക്കേണ്ട കുടുംബങ്ങൾക്ക് വീടും സ്ഥലവും ഉൾപ്പെടെയുള്ള പുനരധിവാസം ഉറപ്പാക്കുകയും വേണം.

പൂഞ്ഞാർ, തീക്കോയി പഞ്ചായത്തുകളിലെ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ച ഷോൺ ജോർജിനൊപ്പം പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനർവ മോഹൻ, പൂഞ്ഞാർ മണ്ഡലം പ്രസിഡന്റ്‌ ജോ ജിയോ ജോസഫ് ,മെമ്പർമാരായ സജി സിബി ,അനിയമ്മ സണ്ണി, പ്രിയ രാജേഷ്, സജി കഥലിക്കാട്ടിൽ, ഇ ഡി രമണൻ,സജീവ് മാപ്രയിൽ ഉൾപ്പെടെയുള്ള പാർട്ടി നേതാക്കളും പ്രവർത്തകരും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *