പാലാ മുനിസിപ്പാലിറ്റി, കൊട്ടാരമറ്റം ബസ്റ്റാൻഡ് കോംപ്ലക്സ് ബിൽഡിംഗിൻ്റെ മുന്നിലെ, CPM പാർട്ടി ഓഫീസിനോടു അടുത്തുള്ള നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഇക്കഴിഞ്ഞ ദിവസം ഒരു സംഘം ഓട്ടോക്കാർ നഗരസഭാ സ്ഥലം ബലമായിട്ട് കൈയ്യേറി, ഒട്ടോ സ്റ്റാൻഡ് എന്ന് എഴുതിയ കുറെ ബോർഡുകളും സ്ഥാപിച്ച് അനധികൃത സ്റ്റാൻഡും ആരംഭിച്ചിരിക്കയാണ്.
നഗരസഭയുടെ രേഖാമൂലമുള്ള യാതൊരു അനുവാദമോ അറിവോ ഇല്ലാതെയാണ് ഈ കൈയ്യേറ്റം നടന്നിരിക്കുന്നത്. ഇന്നലെ നഗരസഭാ സെക്രട്ടറിയുടെ പിതാവ് മരണപ്പെട്ടതുമായി ബന്ധപ്പട്ട് ഉദ്യോഗസ്ഥരും നഗരസഭാ ഭരണ ചുമതലയുള്ളവരും കോട്ടയത്തായിരുന്ന സമയത്താണ് ഈ കൈയ്യേറ്റം നടന്നത്.
ഇന്ന് ഉച്ചയോടെ സംസ്കാരത്തിൽ പങ്കെടുത്ത് മടങ്ങിവരുന്ന സമയത്താണ് ചെയർപേഴ്സൺ അടക്കമുള്ള കൗൺസിലേഴ്സും മുനിസിപ്പൽ ഉദ്യോഗ്സ്ഥരും ഇക്കാര്യങ്ങൾ നേരിൽ കണ്ട് ബോധ്യപ്പെട്ടത്.
ഇതിൻ്റെ അടിസ്ഥാനത്തിൽ മുനിസിപ്പൽ ഉദ്യോഗസ്ഥർ ടി സ്ഥലത്ത് എത്തി , കൈയ്യേറിയ സ്ഥലത്ത് ഓട്ടോയുമായി കിടന്ന ഓട്ടോക്കാരോട് സ്ഥലം ഒഴിഞ്ഞു തരണമെന്ന് രേഖാമൂലം ആവശ്യപ്പെട്ടു.
എന്നാൽ അവർ രോഷത്തോടെ , ഒരു കാരണവശാലും മാറിത്തരില്ല എന്ന് ആക്രോശിച്ചു. മാത്രമല്ലാ അവർ ഇങ്ങനെ മുനിസിപ്പൽ സ്ഥലം കൈയ്യേറി ഓട്ടോ സ്റ്റാൻഡ് സ്ഥാപിച്ചത് , കൊട്ടാരമറ്റം വാർഡ് കൗൺസിലറായ ബിജു മാത്യൂസിൻ്റെ നിർദ്ദേശപ്രകാരമാണെന്നും , നഗരസഭ എന്തു നടപടിക്ക് മുതിർന്നാലും ബിജു മാത്യൂസ് അത് കൈകാര്യം ചെയ്തു കൊള്ളാമെന്ന് ഉറപ്പും നൽകിയിട്ടുണ്ടെന്നും പറഞ്ഞു.
പാലാ തെക്കേരയിലെ ഓട്ടോക്കാരും സ്റ്റാൻഡ് ആവശ്യപ്പെട്ടു കഴിഞ്ഞു. കൊട്ടാരമറ്റത്ത് ചെയ്ത പോലെ, തെക്കേക്കരയിലെ 50 ലധികം ഓട്ടോകൾക്ക് , തെക്കേക്കര മുനിസിപ്പൽ കോംപ്ലക്സിൽ സ്റ്റാൻഡ് അനുവദിക്കണം എന്നാണാവശ്യം. ആവശ്യം നിരാകരിച്ചാൽ അവരും ബലമായി കോപ്ലക്സ് മൈതാനത്ത് സ്റ്റാൻഡ് ആക്കി മാറ്റുമെന്നും പറയുന്നു. പാലായിലെ ഒരു അസാധാരണ ക്രമസമാധാന പ്രശ്നമായി ഇത് മാറിക്കഴിഞ്ഞു. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ച് മുനിസിപ്പൽ കൗൺസിലിൻ്റെ അടിയന്തിര യോഗം കൂടേണ്ടതുണ്ട്.





