pala

പതിറ്റാണ്ടുകള്‍ക്കിപ്പുറം രണ്ടില ഇല്ലാത്ത കേരള നിയമസഭ! കേരള കോണ്‍ഗ്രസ് എം നേരിടുന്നത് ദാരുണ പരാജയമോ?

പാലാ: മല്‍സരിച്ച എല്ലാ സീറ്റിലും പിന്നിലായതോടെ കേരള കോണ്‍ഗ്രസ് എം-നേരിടുന്നത് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പരാജയം. മല്‍സരിച്ച 12 സീറ്റുകളില്‍ ഒന്നില്‍ പോലും പാര്‍ട്ടി നിലവില്‍ ലീഡ് ചെയ്യുന്നില്ല.

കെഎം മാണി എന്ന മഹാരഥന്റെ കാലശേഷം പാര്‍ട്ടി പൂര്‍ണമായും പരാജയപ്പെടുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ലക്ഷണമാണ് ഇത്.

ഇടതുപക്ഷത്തിനെതിരായ ഭരണവിരുദ്ധ വികാരമാണ് കേരള കോണ്‍ഗ്രസ് എമ്മിന് വന്‍ തിരിച്ചടിയായത്. എങ്കിലും 1979ല്‍ രൂപീകൃതമായതിന് ശേഷം ഇത്രയും വലിയ ഒരു പരാജയം നേരിടുന്നത് ഇതാദ്യമാണ്.

കഴിഞ്ഞ നിയമസഭയില്‍ ഒരു മന്ത്രി അടക്കം അഞ്ച് എംഎല്‍എമാര്‍ ഉണ്ടായിരുന്ന പാര്‍ട്ടിക്കാണ് ഇക്കുറി ഒരു എംഎല്‍എ പോലും ഇല്ലാത്ത സ്ഥിതിയിലായിരിക്കുന്നത്. ഇത് പാര്‍ട്ടിക്ക് വലിയ നാണക്കേടായി മാറിയിരിക്കുകയാണ്.

പാര്‍ട്ടി ചെയര്‍മാനും മന്ത്രിയും അടക്കം ലീഡ് വഴങ്ങിയിരിക്കുന്നു. ഇത് പാര്‍ട്ടിക്ക് വന്‍ തിരിച്ചടിയാണ് ഏറ്റിരിക്കുന്നത്. പാലായിൽ ജോസ് കെ മാണി പരാജയപ്പെട്ടു. ചില റൗണ്ടുകളില്‍ ബിജെപിക്കും പിന്നില്‍ മൂന്നാം സ്ഥാനത്തേക്ക് പാര്‍ട്ടി ചെയര്‍മാന്‍ പോയതും പാര്‍ട്ടിയെ കനത്ത പ്രതിരോധത്തിലാക്കുകയാണ്.

ഇടുക്കിയില്‍ മല്‍സരിച്ച മന്ത്രി റോഷി അഗസ്റ്റിന്‍ കനത്ത പരാജയം നേരിടുകയാണ്. എതിര്‍ സ്ഥാനാര്‍ഥി റോയ് കെ പൗലോസ് വോട്ടിന് ലീഡ് ചെയ്യുകയാണ്. കേരള കോണ്‍ഗ്രസ് എം-ന്റെ ശക്തികേന്ദ്രമെന്ന് വിശേഷിക്കപ്പെടുന്ന കടുത്തുരുത്തിയിലും സ്ഥിതി മോശമാണ്. നിലവിലെ എംഎല്‍എ മോന്‍സ് ജോസഫാണ് ലീഡ് ചെയ്യുന്നത്.

കാഞ്ഞിരപ്പള്ളിയില്‍ നിലവിലെ എംഎല്‍എ ആയിരുന്ന എന്‍ ജയരാജിനും യുഡിഎഫ് കൊടുങ്കാറ്റില്‍ നിലതെറ്റി. ചങ്ങനാശേരിയിലും തൊടുപുഴയിലും കേരള കോണ്‍ഗ്രസ് എം പിന്നിലാണ്.

പൂഞ്ഞാറില്‍ മല്‍സരിച്ച നിലവിലെ എംഎല്‍എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ആദ്യ ഘട്ടങ്ങളില്‍ ലീഡ് ചെയ്തത് മാത്രമാണ് കേരള കോണ്‍ഗ്രസ് എമ്മിന്റെ ഏക ആശ്വാസം. എന്നാല്‍ നിലവില്‍ യുഡിഎഫ് പൂഞ്ഞാറും തിരിച്ചുപിടിച്ചതോടെ കേരള കോണ്‍ഗ്രസ് എം സംപൂജ്യരാകുമോ എന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം.

Leave a Reply

Your email address will not be published. Required fields are marked *